ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടന്നില്ലെങ്കില്‍ ബന്ധം തകരുമോ? എന്താണ് സെലിബ്രിറ്റികള്‍ വരെ ചെയ്യുന്ന സ്ലീപ്പ് ഡിവോഴ്‌സ്

Monday 22 July 2024 11:11 PM IST

സ്ലീപ്പ് ഡിവോഴ്‌സ്, മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത വാക്കാണത്. സെലിബ്രിറ്റികളും പാശ്ചാത്യരും ബ്രിട്ടനിലെ രാജകുടുംബവുമൊക്കെ പക്ഷേ തങ്ങളുടെ ദാമ്പത്യപ്രശ്‌നത്തിന് പരിഹാരമായി സ്വീകരിക്കുന്ന ഒരു മാര്‍ഗമാണത്. പങ്കാളികള്‍ രണ്ട് മുറികളിലോ ഒരു മുറിയില്‍ തന്നെ രണ്ട് കിടക്കയിലോ കിടന്നുറങ്ങുന്നതിനെയാണ് സ്ലീപ്പ് ഡിവോഴ്‌സ് എന്ന് പറയുന്നത്. സാധാരണ ഗതിയില്‍ ബന്ധം തകരുന്നതിന്റെ സൂചനയെന്നാണ് പൊതുവേ ഇത്തരത്തിലുള്ള മാറിക്കിടക്കലിനെക്കുറിച്ച് കരുതുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നതാണ് സത്യം.

സംതൃപ്തമായ ദാമ്പത്യത്തിനും നല്ല ഉറക്കത്തിനും സ്ലീപ്പ് ഡിവോഴ്‌സ് ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിന് കാരണമായി പറയുന്നത് രാത്രി കാലങ്ങളില്‍ പങ്കാളിയുടെ മൊബൈല്‍ ഉപയോഗം, നൈറ്റ് ഷിഫ്റ്റിലെ ജോലി, വ്യത്യസ്ത സമയങ്ങളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് എന്നിവയാണ് സ്ലീപ്പ് ഡിവോഴ്‌സിലേക്ക് നയിക്കുന്നത്. കൂര്‍ക്കംവലി, ഫാന്‍, എയര്‍ കണ്ടീഷണര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിലെ ഭിന്ന താത്പര്യം, തിരിഞ്ഞും മറിഞ്ഞും കിടക്കല്‍, ഉറക്കത്തിലെ സംസാരം എന്നീ ശീലങ്ങള്‍ പങ്കാളിയുടെ ഉറക്കത്തിന് തടസ്സമുണ്ടാക്കും.

സ്ലീപ്പ് ഡിവോഴ്‌സ് എന്നാല്‍ പരസ്പരം അകലാനുള്ള ഒരു ഉപായമല്ല മറിച്ച് അടുപ്പം കാത്ത് സൂക്ഷിച്ച് ഒരുമിച്ച് ജീവിച്ചുകൊണ്ട് വ്യത്യസ്ത ഇടങ്ങളില്‍ ഉറങ്ങാനുള്ള സാദ്ധ്യതയാണ്. തങ്ങളുടെ ദാമ്പത്യത്തിലെ പല പ്രശ്‌നങ്ങളും പാശ്ചാത്യര്‍ പരിഹരിക്കുന്നത് സ്ലീപ്പ് ഡിവോഴ്‌സിലൂടെയാണ്. ഇത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒരു മാതൃകയാണ്. പങ്കാളികള്‍ വ്യത്യസ്ത മുറികളില്‍ കിടന്നുറങ്ങുന്നത് അടുപ്പത്തെ ബാധിക്കുകയോ കുറയ്ക്കുകയോ ഇല്ലെന്നാണ് ഫ്രാന്‍സിലെ ദമ്പതിമാര്‍ക്കിടയില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

ഉറക്കത്തിലെ പ്രശ്‌നങ്ങള്‍ പരസ്പരം തുറന്ന് പറയാന്‍ പങ്കാളികള്‍ തയ്യാറാകണമെന്നും സ്ലീപ്പ് ഡിവോഴ്‌സിലൂടെ എങ്ങനെയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയെന്ന് ചര്‍ച്ച ചെയ്യണമെന്നും വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുമിച്ച് ഉറങ്ങാതിരിക്കുമ്പോഴും ദാമ്പത്യ ജീവിതത്തിലെ മറ്റ് കാര്യങ്ങളും പ്രശ്‌നങ്ങളും പരസ്പരം സംസാരിക്കാനും തുറന്ന് പറയാനും ദമ്പതിമാര്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും പറയപ്പെടുന്നു.

Advertisement
Advertisement