ഐ എൻ എസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു, നാവികനെ കാണാതായി
മുംബയ് : മുംബയിലെ നേവൽ ഡോക്ക് യാർഡിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന യുദ്ധകപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രയിൽ അഗ്നിബാധ. ഒരു നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിനെ നിവർത്താൻ കഴിഞ്ഞിട്ടില്ല.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പലാണിത്.
ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തം ഉണ്ടായത്. യാർഡിലെ ജീവനക്കാരുടെയും അഗ്നിശമന സേനയുടെയും സഹായത്തോടെ തിങ്കളാഴ്ച രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കിയത് . കാണാതായ നാവിക ഉദ്യോഗസ്ഥനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. കപ്പലിൽ അപകടസാധ്യത വിലയിരുത്തുന്നതിനുള്ള സാനിറ്റൈസേഷൻ പരിശോധനകൾ ഉൾപ്പെടെ തുടർനടപടികൾ സ്വീകരിച്ചെന്ന് നാവികസേന അറിയിച്ചു. ബ്രഹ്മപുത്ര 2000 ഏപ്രിലിലാണ് കമ്മിഷൻ ചെയ്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. 40 ഉദ്യോഗസ്ഥരും 330 നാവികരും കപ്പലിലുണ്ടാകും.