അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച കാർ യാത്രികർക്കെതിരെ കേസ്

Monday 22 July 2024 11:50 PM IST

കൊച്ചി: റോഡിലെ ചളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെയും മകനെയും കാറിൽ വലിച്ചിഴച്ച സംഭവത്തിൽ കോട്ടയം സ്വദേശികളായ കാർ യാത്രികർക്ക് എതിരെ ചേരാനെല്ലൂർ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറി സ്വദേശിയും ലോറി ഡ്രൈവറുമായ സന്തോഷ്, ഇയാളുടെ മകൻ അക്ഷയ് എന്നിവരുടെ പരാതിയിലാണ് നടപടി. കാർ യാത്രികർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണെന്നാണ് സൂചന. കാർയാത്രികരെ മർദ്ദിച്ചെന്ന പരാതിയിൽ അക്ഷയ്ക്കും പിതാവിനുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്ത പൊലീസ് സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഇന്ന് രാത്രി 9.30ഓടെ എറണാകുളം ചിറ്റൂർ ഫെറി കോളരിക്കൽ റോഡിലായിരുന്നു സംഭവം.

അക്ഷയും സഹോദരിയും സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്ന വഴിക്ക് കാർ ഇവരുടെ ദേഹത്തേക്ക് ചെളിതെറിപ്പിച്ചിരുന്നു. പിന്നാലെ അക്ഷയ് കാറിന് മുന്നിൽ സ്കൂട്ടർ കുറുകെവച്ച് ഇത് ചോദ്യംചെയ്തു. തർക്കം രൂക്ഷമാവുകയും കാർ യാത്രികരിൽ ഒരാൾ അക്ഷയുടെ കോളറിന് കുത്തിപ്പിടിക്കുകയും ചെയ്തു. ഇത് അടിപിടിയിലേക്ക് നീങ്ങിയതോടെ നാട്ടുകാരടക്കം ഇടപെട്ട് തർക്കം പരിഹരിച്ചു. അക്ഷയും സഹോദരിയും തിരികെ വീട്ടിലേക്ക് തിരിച്ചെങ്കിലും കാർ ഇവരെ പിന്തുടർന്നിരുന്നു. സമയം കഴിഞ്ഞ് ഇതേ കാർ തിരികെ വരുകയും വീടിന് പുറത്തുണ്ടായിരുന്ന അക്ഷയുമായി വീണ്ടും കാർ യാത്രികർ വാക്കുതർക്കത്തിലായി. സഹോദരി ഇക്കാര്യം പിതാവ് സന്തോഷിനെ അറിയിച്ചു.

സന്തോഷ് എത്തിയതോടെ കാറിലുണ്ടായിരുന്നവരുമായി വാക്കേറ്റം രൂക്ഷമായി. നാട്ടുകാരും തടിച്ചുകൂടി. കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറക്കാൻ ശ്രമം തടയാൻ അക്ഷയെയും പിതാവിനെയും വലിച്ചിഴച്ച് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. സന്തോഷിനെ ഇരുന്നൂറ് മീറ്ററോളവും അക്ഷയിനെ അഞ്ഞൂറ് മീറ്ററോളവും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി. രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണ് കാറിൽ ഉണ്ടായിരുന്നത്. വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും കാർ യാത്രക്കാരെ വിട്ടയച്ചതായാണ് വിവരം. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് ആദ്യം കേസെടുത്തില്ലെന്ന ആരോപണവും ഉയ‌ർന്നിരുന്നു

Advertisement
Advertisement