ഈ വൃക്ഷങ്ങൾ വീട്ടുവളപ്പിൽ നടരുത്, അപകടം വരുന്ന വഴിയറിയില്ല

Monday 22 July 2024 11:58 PM IST

വൃക്ഷങ്ങൾ എല്ലാവർക്കും ഗുണകരമാണ്. ജീവജാലങ്ങൾക്കാവശ്യമായ പ്രാണവായു നൽകി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് തന്നെ വൃക്ഷങ്ങൾ ഉള്ളതു കൊണ്ടാണ്. എന്നാൽ വീട്ടുവളപ്പിൽ വൃക്ഷങ്ങൾ നടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങൾ പറയുന്നു.

ആസുര ശക്തികളെ ആകർഷിക്കുന്ന വൃക്ഷങ്ങൾ വീട്ടുവളപ്പിൽ വരാൻ പാടില്ലെന്നാണ് വിശ്വാസം. തടിയിൽ പാലുള്ള മരങ്ങൾ വേഗം പൊട്ടി വീഴാൻ സാധ്യതയുള്ളവയാണ്. ഇവ വീട്ടുവളപ്പിൽ വയ്ക്കുന്നത് അപകടകരമാണ്. അതുകൊണ്ട് കൂടിയാണ് അത്തരം വൃക്ഷങ്ങൾക്ക് ആസുര ശക്തി ആരോപിക്കുന്നത്. ജീവിതത്തിൽ ഗുണകരമായ സാന്നിധ്യമാകുന്ന വൃക്ഷങ്ങൾ വേണം വീട്ടുവളപ്പിൽ വളർത്തേണ്ടത്.

ഗൃഹ പരിസരത്ത് വൃക്ഷങ്ങൾ നടുന്നതിന് മുമ്പ് പല കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേർ (ചാര്), പപ്പായ, ഊകമരം, സ്വർണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങൾ വീടിന്റെ അതിർത്തിക്കുള്ളിൽ നടാൻ പാടില്ല എന്നാണ് വിശ്വാസം. ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഇവ ക്ഷണിച്ചുവരുത്തും. മാത്രമല്ല, പല ക്ഷുദ്രപ്രയോഗങ്ങൾക്കും ഇത്തരം സസ്യങ്ങളുടെ ഭാഗങ്ങൾ മാന്ത്രിക മൂലികകളായി പരിഗണിക്കാറുമുണ്ട്.

എന്നാൽ വീടിനു ചുറ്റുമുള്ള പറമ്പിൽ എവിടെയെങ്കിലും ഇവ വരുന്നത് അത്ര വലിയ ദോഷമല്ലെന്നും ആചാര്യന്മാർ ചൂണ്ടികാട്ടുന്നു. പന ഇനങ്ങൾക്കും ഈ ദോഷമുണ്ട്. അലങ്കാരത്തിനുള്ള പനഞ്ചെടികളും വീട്ടു വളപ്പിൽ നിന്ന് ഒഴിവാക്കണമെന്നാണ് നിർദേശം. അതേസമയം, കൂവളം, പവിഴമല്ലി, കണിക്കൊന്ന, ദേവതാരു എന്നിവ വീട്ടിലുണ്ടായാൽ ദൃഷ്ടിദോഷവും ദുർശക്തികളുടെ സാന്നിദ്ധ്യവും ആവാസവും ഒഴിവാക്കാനാകുമെന്ന വിശ്വാസവും നിലവിലുണ്ട്.

Advertisement
Advertisement