പ്രതിപക്ഷത്തോട് പ്രധാനമന്ത്രി, പാർലമെന്റിൽ വൈരം മറക്കാം

Tuesday 23 July 2024 12:52 AM IST

ന്യൂഡൽഹി: അടുത്ത അഞ്ചു വർഷം എല്ലാ അംഗങ്ങളും പാർലമെന്റിൽ രാഷ്‌ട്രീയ വൈരം മറന്ന് ജനഹിതത്തിനായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിലെ 2047ൽ വികസിത ഭാരതം എന്ന സ്വപ്നത്തിന് അടിത്തറയിടാൻ ഒന്നിക്കാനും ആഹ്വാനം ചെയ്തു.

ബഡ്‌ജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരെ അഭിസംബോധന ചെയുകയായിരുന്നു മോദി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നാം പരസ്പരം പോരടിച്ചു. ആ പോരിന് ഇനി പ്രസക്തിയില്ല. ഇനി രാജ്യമാണ് വലുത്. അഞ്ചു വർഷം എല്ലാ അംഗങ്ങളും ഒന്നിച്ച് രാജ്യത്തിനായി പ്രവർത്തിക്കണം. 2029 ജനുവരിയിൽ തെരഞ്ഞെടുപ്പു പോരാട്ട ഭൂമിയിലേക്ക് പോകും വരെ പാർലമെന്റ് വേദി മാന്യമായി പ്രയോജനപ്പെടുത്തി രാജ്യത്തോട് പ്രതിബദ്ധത പുലർത്തണം.

ചില രാഷ്ട്രീയ പാർട്ടികളുടെ നിഷേധാത്മക സമീപനംമൂലം പല എം.പിമാർക്കും തങ്ങളുടെ മണ്ഡലങ്ങളിലെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല. എല്ലാ അംഗങ്ങൾക്കും, പ്രത്യേകിച്ച് പുതുമുഖങ്ങൾക്ക് പരമാവധി അവസരം നൽകണം.

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തന്റെ പ്രസംഗത്തെ തടസപ്പെടുത്തിയ പ്രതിപക്ഷ നീക്കത്തെ ജനാധിപത്യ പാരമ്പര്യത്തിന്റെ ഭാഗമായി കാണാനാകില്ലെന്നും മോദി പറഞ്ഞു.

സാധാരണക്കാരനു

വേണ്ടി ശബ്ദിക്കണം

 അജൻഡകൾക്ക് അനുസരിച്ചു പ്രവർത്തിക്കാനല്ല, രാജ്യത്തെ സേവിക്കാനാണ് ജനങ്ങൾ തിരഞ്ഞെടുത്ത് വിടുന്നത്

 ആശയങ്ങളിലെ എതിർപ്പ് കുഴപ്പമില്ല. എന്നാൽ നിഷേധാത്മകമായ കാഴ്ചപ്പാടുകൾ വികസനത്തെ തടസ്സപ്പെടുത്തും

 ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ സാധാരണ പൗരന്മാരുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റാൻ ഉപയോഗിക്കണം

 ഇന്നത്തെ ബഡ്‌ജറ്റ് കേന്ദ്ര സർക്കാരിന്റെ അഞ്ച് വർഷത്തെ വികസന പ്രവർത്തനത്തിന്റെ ദിശാസൂചന നൽകും

Advertisement
Advertisement