നീറ്റ് ചോർച്ച: മന്ത്രിയുടെ രാജി തേടി പ്രതിപക്ഷം

Tuesday 23 July 2024 12:55 AM IST

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച മത്സരപരീക്ഷകളുടെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷം പാർലമെന്റിൽ ആവശ്യപ്പെട്ടു. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ ചോദ്യോത്തര വേളയിലാണ് വിഷയം ഉന്നയിച്ചത്. ആരോപണങ്ങൾ തള്ളിയ മന്ത്രി സർക്കാരിന് കൂട്ടുത്തരവാദിത്വവും ജനങ്ങളുടെ പിന്തുണയുമുണ്ടെന്ന് പ്രതികരിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് അംഗം മാണിക്യം ടാഗോറാണ് വിഷയം ആദ്യം ഉന്നയിച്ചത്. ഏഴു വർഷത്തിനിടെ 70 തവണ ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ഉണ്ടായിട്ടില്ലെന്നും ചില സംഭവങ്ങളുണ്ടായത് സി.ബി.ഐ അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എൻ.ടി.എ സ്ഥാപിതമായ ശേഷം നടത്തിയ 240ലധികം പരീക്ഷകളിൽ 4.5 കോടി വിദ്യാർത്ഥികൾ വിജയകരമായി പങ്കെടുത്തു.

നീറ്റ് പിൻവലിക്കണമെന്നും സ്വന്തം പരീക്ഷ നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും ഡി.എം.കെയുടെ കലാനിധി വീരസ്വാമി ആവശ്യപ്പെട്ടു. പേപ്പർ ചോർച്ചയിൽ ഈ സർക്കാർ പുതിയ റെക്കാഡുകൾ സൃഷ്ടിക്കുമെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.

പരീക്ഷാ സമ്പ്രദായത്തിൽ ഗുരുതര പ്രശ്‌നമുണ്ടെന്ന് രാജ്യത്തിന് മുഴുവൻ ബോധ്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. സമ്പന്നർക്ക് പരീക്ഷ വില കൊടുത്ത് വാങ്ങാമെന്നാണ് പൊതുവിലുള്ള വിശ്വാസം.

നീറ്റ് ക്രമക്കേട് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിയെ നിയമിക്കണമെന്നും എയിംസ്, ജിഗ്‌മർ പോലുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

Advertisement
Advertisement