കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വീട്ടുകാർക്ക് ആശ്വസിക്കാം, പ്രതി പിടിയിൽ

Tuesday 23 July 2024 7:07 AM IST

കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ എന്നയാളാണ് എക്‌സൈസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്നയാളുമാണ് പ്രതി.

ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.

കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വം കൊടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്ന എന്നിവർ പങ്കെടുത്തു.

കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എട്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ അഞ്ചാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നും എട്ട് കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചുവേളി റെയിൽവേ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പ്രതിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement