പിന്മാറ്റത്തിന് പിന്നിലും ഐസ്ക്രീം !
വാഷിംഗ്ടൺ: ഞായറാഴ്ചയാണ് നവംബറിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന വിവരം യു.എസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയുമായ ജോ ബൈഡൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് 81കാരനായ ബൈഡനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ബൈഡൻ നേരിടുന്നുണ്ടെന്ന് യു.എസിൽ സംസാര വിഷയമാണ്. അതേ സമയം, പിന്മാറൽ പ്രഖ്യാപനം നടത്താൻ ബൈഡൻ തിരഞ്ഞെടുത്ത ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. യു.എസിൽ ദേശീയ ഐസ്ക്രീം ദിനമായിരുന്നു അന്ന്. ബൈഡനാകട്ടെ ഐസ്ക്രീമിന്റെ കടുത്ത ആരാധകനും. തികച്ചും യാദൃശ്ചികമായാണ് ഐസ്ക്രീം ദിനവും ബൈഡന്റെ പ്രഖ്യാപനവും ഒത്തുവന്നതെങ്കിലും സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച ട്രോളുകൾ നിറയുകയാണ്. ബൈഡൻ ഐസ്ക്രീം കഴിക്കുന്നതിന്റെ ചിത്രമടങ്ങിയ മീമുകൾ വൈറലായി. പ്രഖ്യാപനത്തിന് ഐസ്ക്രീം ദിനത്തെ ബൈഡൻ ബോധപൂർവം തിരഞ്ഞെടുത്തതാണോ എന്ന് സംശയിക്കുന്നവരുമുണ്ട്.
ഭക്ഷണകാര്യത്തിൽ ബൈഡൻ കൊച്ചു കുട്ടികള പോലെയാണ്. ഐസ്ക്രീമിന് പുറമേ കുക്കീസ്, മധുര പലഹാരങ്ങൾ, ചോക്ലേറ്റ് എന്നിവയോട് ബൈഡന് പ്രത്യേക ഇഷ്ടമാണ്. പലപ്പോഴും പ്രസംഗങ്ങൾക്കിടെ തമാശരൂപേണ ബൈഡൻ ഐസ്ക്രീമിനെ പറ്റിയുള്ള പരാമർശങ്ങൾ നടത്താറുണ്ട്. ചോക്ലേറ്റ് ഐസ്ക്രീമിനോടാണ് കൂടുതൽ താത്പര്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിനിടെ ഐസ്ക്രീം ഷോപ്പുകൾ കണ്ടാൽ അവിടേക്ക് കയറാനും ബൈഡന് മടിയില്ല. പ്രചാരണ വേളയിലും ഐസ്ക്രീം കഴിക്കുന്ന ബൈഡൻ യു.എസ് മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഫെബ്രുവരിയിൽ ഗാസ യുദ്ധത്തെ പറ്റിയുള്ള സംസാരത്തിനിടെയിൽ ബൈഡൻ ഐസ്ക്രീം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവരികയും വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു.