വിഷ പദാർത്ഥം മോഷ്‌ടിക്കപ്പെട്ടു,​ കെനിയയിൽ ആശങ്ക

Tuesday 23 July 2024 7:23 AM IST

നെയ്റോബി : കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് മോഷണം പോയ അപകടകാരിയായ രാസവസ്തുവിനെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി പൊലീസ്. സോഡിയം സയനൈഡ് അടങ്ങിയ കണ്ടെയ്നറുകളാണ് മോഷ്ടിക്കപ്പെട്ടത്.

സോഡിയം സയനൈഡ് ചെറിയ അളവിൽ പോലും ഉള്ളിലെത്തിയാലോ ശ്വസിച്ചാലോ മരണം സംഭവിക്കും. പരിസ്ഥിതിക്കും ദോഷമാണ്. റോഡപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ കൊള്ളയടിക്കപ്പെടുന്നത് കെനിയയിൽ സാധാരണമാണ്. തിരക്കേറിയ നെയ്റോബി - നാകുരു ഹൈവേയിൽ ശനിയാഴ്ച രാത്രിയാണ് ലോറി മറിഞ്ഞത്.

അപകട സ്ഥലത്തേക്ക് ഓടിയെത്തിയ ആളുകളാണ് കണ്ടെയ്നറുകളുമായി കടന്നത്. അപകട സ്ഥലത്തുകൂടിയുള്ള യാത്ര ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. യു.എസ് എംബസിയും പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ലോറിയുടെ ഡ്രൈവറിന് എന്ത് സംഭവിച്ചെന്നോ സോഡിയം സയനൈഡ് എവിടേക്ക് കൊണ്ടുപോയതാണെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കണ്ടെയ്നറുകൾ കണ്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്നും അതിനുള്ളിലെ വെള്ള നിറത്തിലെ വസ്തുവുമായി സമ്പർക്കം പാടില്ലെന്നും നിർദ്ദേശിച്ചു. അയിരുകളിൽ നിന്ന് സ്വർണവും വെള്ളിയും വേർതിരിക്കൽ, രാസ നിർമ്മാണങ്ങൾ തുടങ്ങി വാണിജ്യപരമായ ആവശ്യങ്ങൾക്ക് സോഡിയം സയനൈഡ് ഉപയോഗിക്കുന്നു.

Advertisement
Advertisement