കെഎസ്‌ആർടിസി കണ്ടക്‌ടർക്ക് മർദ്ദനം; ജീപ്പ് ഡ്രൈവർ കൈ തല്ലിയൊടിച്ചതായി പരാതി

Tuesday 23 July 2024 11:04 AM IST

ഇടുക്കി: ജീപ്പ് ഡ്രൈവർ കെഎസ്‌ആർടിസി കണ്ടക്‌ടറുടെ കൈ തല്ലിയൊടിച്ചതായി പരാതി. ബസിലിരുന്ന യാത്രക്കാരെ ട്രിപ്പ് ജീപ്പിലേയ്ക്ക് ഇറക്കിവിടാത്തത് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. മൂന്നാർ ഡിപ്പോയിലെ കണ്ടക്‌ടർ മൂലമറ്റം സ്വദേശി ജോബിൻ തോമസിനാണ് (39) മർദ്ദനമേറ്റത്.

കഴിഞ്ഞ ഞായർ രാത്രി ഒൻപതരയോടെ പോസ്റ്റ് ഓഫീസ് കവലയിലാണ് സംഭവം നടന്നത്. മൂന്നാറിൽ നിന്ന് തേനിക്ക് പോകുന്നതിനായി ബസിൽ കയറിയതായിരുന്നു യാത്രക്കാർ. ഇവരെ ട്രിപ്പ് ജീപ്പിൽ കൊണ്ടുപോകുന്നതിനായി ഇറക്കിവിടണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. യാത്രക്കാരെ ഇറക്കണമെന്നത് ജോബിൻ സമ്മതിച്ചില്ല. പിന്നാലെ ജീപ്പ് ഡ്രൈവർ ബസിനകത്ത് കയറി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ജോബിന്റെ ഇടതുകൈ ഒടിഞ്ഞു.

അക്രമത്തിന് പിന്നാലെ ഡ്രൈവർ ജീപ്പുമായി ദേവികുളം ഭാഗത്തേയ്ക്ക് പോയി. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ബസ് കണ്ടക്‌ടറെ ആശുപത്രിയിലെത്തിച്ചത്. ബസിന്റെ സർവീസ് മുടങ്ങുകയും ചെയ്തു. ജോബിൻ നിലവിൽ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ജീപ്പ് ഡ്രൈവർ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

കഴിഞ്ഞദിവസം മലപ്പുറത്ത് കെഎസ്‌ആർടിസി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം നടന്നതിന് പിന്നാലെയാണ് മൂന്നാറിലെ സംഭവം. മലപ്പുറത്ത് പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ ജൂലായ് 15ന് രാവിലെയായിരുന്നു സംഭവം നടന്നത്. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സുനിൽ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോൾ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുൽ റഷീദ് എന്നയാളുടേതായിരുന്നു ഓട്ടോ. വാഹനം അവിടെ നിന്ന് എടുത്ത് മാറ്റണമെന്ന് ഡ്രെെവർ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ അബ്ദുൽ റഷീദ് ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കെെയിൽ കടന്നുപിടിച്ചതിനാൽ സുനിലിന് കുത്തേറ്റില്ല. തുടർന്ന് മറ്റ് കെഎസ്ആ‌ർടിസി ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു.