ജനപ്രിയ പ്രഖ്യാനങ്ങൾ ഉണ്ടാകുമോ? ലക്ഷ്യം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം; ബഡ്ജറ്റ് അവതരണം തുടങ്ങി

Tuesday 23 July 2024 11:15 AM IST

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.


തൊഴിൽ, മദ്ധ്യവർഗം, ചെറുകിട - ഇടത്തരം മേഖലകൾക്ക് ആണ് ബഡ്ജറ്റിൽ കൂടുതൽ പരിഗണന നൽകുന്നതെന്ന് മന്ത്രി അറിയിച്ചു. കിസാൻ ക്രഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി നടപ്പിലാക്കും. ഗരീബ് കല്യാൺ യോജനയുടെ പ്രയോജനം 80 കോടി ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും ബഡ്ജറ്റ് അവതരണവേളയിൽ മന്ത്രി പറഞ്ഞു.

നിർമല സീതാരാമന്റെ തുടർച്ചയായ ഏഴാമത്തെ ബഡ്‌ജറ്റ് ആണിത്. ഇതോടെ മുൻ ധനമന്ത്രി മൊറാർജി ദേശായിയുടെ റെക്കാഡാണ് തിരുത്തിയത്. രണ്ടാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ ഒരു ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകളാണ് അവതരിപ്പിച്ചത്. 1959 മുതൽ 1964 വരെ ഇടക്കാല ബഡ്‌ജറ്റ് ഉൾപ്പെടെ ആറ് ബഡ്‌ജറ്റുകൾ മൊറാർജി അവതരിപ്പിച്ചിരുന്നു.

കേരളം പ്രതീക്ഷിക്കുന്നത്

സാമ്പത്തിക പ്രയാസങ്ങൾ രൂക്ഷമായ കേരളം പ്രതീക്ഷിക്കുന്നത് സാമ്പത്തിക പാക്കേജാണ്. കുടിശികകൾ തീർക്കാനും വിഴിഞ്ഞം തുറമുഖത്തിന് അടിസ്ഥാന സൗകര്യമൊരുക്കാനും പണം ആവശ്യമാണ്. ദേശീയ പാതയ്ക്കും, റോഡ് വികസനത്തിനും വൈദ്യുതി വിതരണ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വ്യവസായങ്ങൾക്ക് സ്ഥലം ഏറ്റെടുക്കാനും റെയിൽവേ ലൈനുകളുണ്ടാക്കാനും പാക്കേജ് വേണം.