വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയാണോ? എങ്കിൽ ആശ്വസിക്കാം; ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം

Tuesday 23 July 2024 1:17 PM IST

ന്യൂഡൽഹി: ആദായ നികുതി ഘടനയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഇത് തർക്കങ്ങൾ കുറയ്ക്കുമെന്നും നടപടിക്രമങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബഡ്ജറ്റ് അവതരണ വേളയിൽ മന്ത്രി പറഞ്ഞു.

സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയാക്കി. വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയാണെങ്കിൽ നികുതിയില്ല.മൂന്ന് മുതൽ ഏഴ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് നികുതി.

ഏഴ് ലക്ഷം മുതൽ പത്ത് ലക്ഷം വരെ പത്ത് ശതമാനവും, പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെ 15 ശതമാനവും, പന്ത്രണ്ട് മുതൽ പതിനഞ്ച് ലക്ഷം വരെ 20 ശതമാനവും നികുതിയടക്കണം. വാർഷിക വരുമാനം പതിനഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിൽ 30 ശതമാനമാണ് ടാക്സ്.

പുതിയ നികുതി വ്യവസ്ഥയിൽ തൊഴിലാളികൾക്ക് ആദായനികുതിയിൽ 17,500 രൂപ വരെ ലാഭിക്കുമെന്ന് സീതാരാമൻ പറഞ്ഞു. 2020ൽ, നിർമ്മല സീതാരാമൻ നിലവിലുള്ള വ്യക്തിഗത ആദായനികുതി സ്ലാബുകൾക്ക് പുറമേ ഒരു പുതിയ വ്യക്തിഗത ആദായ നികുതി വ്യവസ്ഥ അവതരിപ്പിച്ചിരുന്നു. ഇത് കൂടുതൽ ലളിതമായിരുന്നു. എന്നാൽ പുതിയ ആദായനികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് വിവിധ ഐടി ആക്ട് വിഭാഗങ്ങൾക്ക് കീഴിലുള്ള പല നികുതി ഇളവുകൾക്കും അർഹതയുണ്ടായിരുന്നില്ല. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചിട്ടുണ്ട്.