ഗംഗാവലി  നദിയിൽ സിഗ്നൽ; അർജുനായുള്ള തിരച്ചിലിന്  കൂടുതൽ  സേന,​ റിപ്പോർട്ട് തേടി ഹെെക്കോടതി

Tuesday 23 July 2024 3:20 PM IST

അങ്കോള (കർണാടക): കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഗംഗാവലി നദിയിൽ തീരത്തുനിന്ന് 40 മീറ്റർ മാറി എട്ട് മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചതായാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവിക സേന പരിശോധന നടത്തുക. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തും. അർജുന് വേണ്ടിയുള്ള തെരച്ചിൽ അഴിമുഖം കേന്ദ്രീകരിച്ചു. നദിയിലെ മൺകൂന തുരന്നും പരിശോധിക്കും.

അതേസമയം,​ ഷിരൂരിലെ മണ്ണിടിച്ചിലിൽ കർണാടക ഹെെക്കോടതി റിപ്പോർട്ട് തേടി. കേന്ദ്ര - സംസ്ഥാന സർക്കാരുകളോടാണ് കോടതി റിപ്പോർട്ട് തേടിയത്. നാളെ രാവിലെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാകണം. അർജുന്റെ രക്ഷാപ്രവർത്തനത്തിൽ ഇടപെടണമെന്ന ഹർജിയിലാണ് നടപടി. ഇതുവരെയുള്ള രക്ഷാപ്രവർത്തന പുരോഗതി കേന്ദ്രം കോടതിയെ അറിയിച്ചു.

ലോറിയും അർജുനും കരയിലില്ലെന്ന് ബംഗളൂരുവിലെ സൈനിക ആസ്ഥാനം കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. അർജുനും ലോറിയും ഗംഗാവലി പുഴയിലെ ചെളിക്കും മണ്ണിനുമടിയിൽ ഉണ്ടാകാമെന്നാണ് സൈന്യം നൽകുന്ന സൂചന. ആധുനിക റഡാർ സംവിധാനത്തോടെയും ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്താലും കരയിലും വെള്ളത്തിലും ഒരേസമയം തെരഞ്ഞെങ്കിലും ഏഴാം ദിവസവും കണ്ടെത്താനായില്ല.

ഇന്നലെ ഉച്ചയ്‌ക്ക് 12നാണ് 15 മീറ്റർ ആഴത്തിൽ സിഗ്നൽ ലഭിക്കുന്ന റഡാറെത്തിച്ചത്. തുടർന്ന് എട്ട് മീറ്റർ താഴ്‌ചയിൽ നീളമുള്ള ലോഹവും പാറക്കല്ലുമുണ്ടെന്ന് സിഗ്നൽ കിട്ടി. അർജുന്റെ ലോറിയും മുന്നിലുണ്ടായിരുന്ന കാറുമായിരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മൂന്ന് സ്‌പോട്ടുകളിൽ എട്ട് മീറ്ററിലായി മുഴുവൻ മണ്ണും വൈകിട്ട് അഞ്ചോടെ മാറ്റിയിട്ടും ഫലമുണ്ടായില്ല. പിന്നാലെ ഇന്നലത്തെ തെരച്ചിൽ നിറുത്തി. അതേസമയം തീരത്ത് സിഗ്നൽ കണ്ടതിനെ തുടർന്ന് സൈന്യം ഇന്നലെ വൈകിട്ട് നദിയിലും പരിശോധന നടത്തി.