കായിക താരങ്ങൾ ഒളിമ്പിക്‌സ് മെഡലുകൾ കടിക്കുന്നത് എന്തിനെന്നോ? ഇതിന് കൃത്യമായ കാരണവും അർത്ഥവുമുണ്ട്

Tuesday 23 July 2024 3:32 PM IST

പാരീസ് ഒളിമ്പിക്‌സ് വെള്ളിയാഴ്‌ച കൊടിയേറുകയാണ്. ഇനി പാരീസാണ് കായിക ലോകത്തിന്റെ ഹൃദയം. ലോകമെമ്പാടുമുള്ള കായിക താരങ്ങളും കായിക പ്രേമികളും ഒരൊറ്റ ലക്ഷ്യവുമായി പാരീസിലെത്തിത്തുടങ്ങിയിരിക്കുന്നു. കായിക മാമാങ്കം തുടങ്ങിയാൽ പിന്നെ എല്ലാതരം മാദ്ധ്യമങ്ങളിലും നിറയുന്ന ഒരു പതിവ് ചിത്രമുണ്ട്, ഒളിമ്പിക് മെഡൽ കടിച്ചുനിൽക്കുന്ന കായികതാരത്തിന്റെ. എന്തുകൊണ്ട് ഒളിമ്പിക്‌സ് ജേതാക്കൾ തങ്ങളുടെ മെ‌ഡൽ കടിക്കുന്നതെന്ന് അറിയാമോ? ഇതിനുപിന്നിലൊരു ചരിത്രമുണ്ടെന്നും തക്കതായ കാരണമുണ്ടെന്നും എത്രപേർക്കറിയാം?

ഒളിമ്പിക് അത്‌ലറ്റുകൾ പോഡിയത്തിൽ നിന്നുകൊണ്ട് വിജയാഹ്ലാദത്തോടെ മെഡലുകൾ കടിക്കുന്നത് വിചിത്രമായ ശീലമല്ല, മറിച്ച് പ്രതീകാത്മകതയും ചരിത്രവും സമന്വയിക്കുന്ന ഒരു പാരമ്പര്യമാണ്. തമാശയെന്ന് തോന്നിക്കുന്ന ഈ പ്രവൃത്തിക്ക് ആഴത്തിലുള്ള അർത്ഥവുമുണ്ട്.

ചരിത്രം

ഫോട്ടോഗ്രാഫുകളെ ആധികാരികതയുടെ തെളിവുകളായി ആശ്രയിച്ചിരുന്ന കാലഘട്ടത്തിലാണ് ഒളിമ്പിക്‌ മെഡൽ കടിക്കുന്ന പ്രവണതയ്ക്ക് തുടക്കം. ഒളിമ്പിക്‌സ് മെഡലുകൾ വിലയേറിയ ലോഹങ്ങളാലായിരുന്നു തുടക്കകാലത്ത് നിർമിച്ചിരുന്നത്. മെഡലുകളുടെ വിശ്വാസ്യത ഉറപ്പിക്കാൻ അത്‌ലറ്റുകൾ തങ്ങൾക്ക് ലഭിക്കുന്ന മെഡലുകൾ കടിക്കുന്നത് പതിവാക്കിയിരുന്നു. മൃദു ലോഹമായ സ്വർണ്ണത്തിൽ കടിക്കുമ്പോൾ പല്ലുകളുടെ അടയാളം അതിൽ പ്രത്യക്ഷമാകും. ഇത്തരത്തിൽ മെഡൽ വ്യാജനാണോ ഒറിജിനലാണോയെന്ന് ഉറപ്പിക്കാം. എന്നാൽ ആധുനിക ഒളിമ്പിക്‌സ് മെഡലുകൾ വെള്ളി കൊണ്ടാണ് നിർമിക്കുന്നത്. ഇതിന് പുറത്തായി സ്വർണം പൂശുകയാണ് ചെയ്യുന്നത്. എന്നിരുന്നാലും മെഡൽ കടിക്കുന്ന രീതി പിന്തുടർന്ന് പോരുകയായിരുന്നു. എന്നാലിതിന് ഏത് കായികതാരമാണ് തുടക്കമിട്ടതെന്ന് ഇന്നും വ്യക്തമല്ല.

1912 മുതലാണ് ഒളിമ്പിക്‌സ് മെഡലുകൾ വെള്ളിയിൽ തീർത്ത് സ്വർണംകൊണ്ട് പൊതിയാൻ ആരംഭിച്ചത്. എന്നിരുന്നാലും ചരിത്രത്തിന്റെ തുടർച്ചയെന്നോണം അത്‌ലറ്റുകൾ മെഡൽ കടിക്കുന്നത് തുടർന്നു. കൂടാതെ കായികതാരങ്ങളുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും പ്രതീകമായി ഈ മെഡൽ കടിക്കൽ രീതി ഇന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. ഈ രീതി ഒരു ആചാരമെന്നോണമാണ് കായികതാരങ്ങൾ പിന്തുടരുന്നത്.

സ്വർണമെഡൽ കടിക്കുന്നത് വിജയത്തിന്റെയും നേട്ടത്തിന്റെ ശക്തമായ അവതരണമായി ഇന്ന് മാറി. കഠിനാധ്വാനത്തിലൂടെ ലഭിച്ച മെഡലുമായുള്ള അത്‌ലറ്റിന്റെ ബന്ധവും ഈ പ്രവർത്തി ഊട്ടിയുറപ്പിക്കുന്നു. ഈ വിജയനിമിഷം ഫോട്ടോഗ്രാഫർമാർ പക‌ർത്തുന്നതോടെ ഒരോ അത്‌ലറ്റിന്റെ വിജയവും ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.

അതേസമയം, മെഡൽ കടിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണങ്ങളിലെന്നും ഫോട്ടോയ്ക്ക് വേണ്ടി മാത്രമാണിതെന്നും വാദിക്കുന്നവരുമുണ്ട്. ഫോട്ടോഗ്രാഫർമാരുടെ ആവശ്യപ്രകാരം മാത്രമാണ് കായിക താരങ്ങൾ തങ്ങളുടെ മെഡൽ കടിക്കുന്നതെന്ന് ഇന്റർനാഷനൽ സൊസൈറ്റി ഒഫ് ഒളിമ്പിക്‌സ് ഹിസ്റ്റോറിയൻസ് പ്രസിഡന്റ് ഡേവിഡ് വല്ലെച്ചിൻസ്‌കി പറയുന്നു. കായികതാരങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതല്ല, മറിച്ച് തങ്ങളുടെ പത്രം വിൽക്കാൻ സഹായിക്കുന്ന ഐക്കോണിക് ഷോട്ട് ആയി ഇത്തരം ചിത്രങ്ങളെ മാദ്ധ്യമപ്രവർത്തകർ കാണുന്നുവെന്നും വല്ലെച്ചിൻസ്‌കി വ്യക്തമാക്കി.

മെഡലിൽ കടിച്ച് കായികതാരത്തിന്റെ പല്ല് പൊട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. 2010ലെ വിന്റർ ഒളിമ്പിക്‌സിലെ വെള്ളി ജേതാവായ ജർമൻ താരം ഡേവിഡ് മൊല്ലെറുടെ പല്ലാണ് പൊട്ടിയത്. തന്റെ പല്ലുകൾ കൊണ്ടുമാത്രം മെഡൽ പിടിച്ചിരിക്കുന്ന ചിത്രം ഫോട്ടോഗ്രാഫർമാർക്ക് വേണമായിരുന്നു. പിന്നീട് രാത്രി അത്താഴം കഴിക്കുമ്പോഴാണ് പല്ലിന്റെ ഒരു ഭാഗം പൊട്ടിയതായി ശ്രദ്ധയിൽപ്പെടുന്നതെന്നും മൊല്ലെർ പറഞ്ഞിട്ടുണ്ട്.

സ്വർണമെഡൽ ജേതാക്കൾ മാത്രമല്ല മെഡൽ കടിക്കുന്നത്. വെള്ളി, വെങ്കല മെഡൽ ജേതാക്കളും ഈ രീതി പിന്തുടർന്ന് പോരുന്നു. മെഡൽ കടിക്കുന്നത് മഹത്തായ കായിക വേദിയിലെ നേട്ടത്തിന്റെയും അംഗീകാരത്തിന്റെയും യൂണിവേഴ്‌സൽ സിംബലായി മാറിയിരിക്കുകയാണ് ഇന്ന്. വിജയസൂചകമായാലും ഫോട്ടോഗ്രാഫിനുവേണ്ടിയുള്ളത് മാത്രമായാലും മെഡൽ കടിക്കുന്നത് ഒരു പാരമ്പര്യമായി ഇനിയും തുടരുകതന്നെ ചെയ്യും.

Advertisement
Advertisement