ആഭരണങ്ങളിലെ അഴുക്ക് അപ്രത്യക്ഷമാകും, പുത്തൻപോലെ തിളങ്ങും; സിമ്പിളായ ഒരു കാര്യം ചെയ്‌താൽ മതി
സ്വർണമായിക്കോട്ടെ, വെള്ളിയായിക്കോട്ടെ കുറച്ച് നാൾ ധരിച്ചാൽ അഴുക്കൊക്കെ പിടിക്കും. പ്രത്യേകിച്ച് പാദസരം, മോദിരം, മാല ഇവയിലൊക്കെ പെട്ടെന്ന് അഴുക്ക് പിടിക്കാൻ സാദ്ധ്യതയുണ്ട്. കരിപിടിച്ച പാത്രങ്ങളൊക്കെ തേച്ച് കഴുകിക്കഴിയുമ്പോൾ മോതിരമൊക്കെ കറുത്തിരിക്കുന്നത് കാണാം. കഴുകിയാൽ പോലും അഴുക്ക് പൂർണമായി മാറണമെന്നില്ല.വളരെ എളുപ്പത്തിൽ തന്നെ സ്വർണത്തിലെയും വെള്ളിയിലെയും അഴുക്ക് കളയാൻ ചില സൂത്രങ്ങളുണ്ട്.
സ്വർണത്തിലെ അഴുക്ക് കളയാൻ
ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ കുറച്ച് ഷാംപു ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് ഒന്നര സ്പൂൺ മഞ്ഞൾപ്പൊടി ഇട്ടുകൊടുത്ത് നന്നായി യോജിപ്പിക്കുക. നന്നായി പതപ്പിച്ച ശേഷം അഴുക്കുള്ള സ്വർണം ഇതിലിട്ട് കൊടുക്കുക. ഒരു പതിനഞ്ച് മിനിട്ട് കുതിർത്ത് വച്ച ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ച് കഴുകാം. ഇനി വെള്ളത്തിൽ കഴുകിയെടുക്കാം. അഴുക്കൊക്കെ മാറി, സ്വർണം പുത്തൻ പോലെ തിളങ്ങുന്നത് കാണാം.
വെള്ളി ആഭരണങ്ങൾ വൃത്തിയാക്കാൻ
വെള്ളത്തിൽ കുറച്ച് ബേക്കിംഗ് സോഡയിട്ട് നന്നായി യോജിപ്പിക്കുക. ശേഷം വെള്ളി ആഭരണങ്ങൾ ഇതിൽ പതിനഞ്ച് മിനിട്ട് മുക്കിവയ്ക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ചുകഴുകിയാൽ വെള്ളി ആഭരണങ്ങളെ അഴുക്ക് അപ്രത്യക്ഷമാകും.
അല്ലെങ്കിൽ ചൂടുവെള്ളത്തിൽ കുറച്ച് ഷാംപു ഒഴിച്ച് നന്നായി മിക്സാക്കിയ ശേഷം വെള്ളി ആഭരണങ്ങൾ അരമണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി തേച്ച് കൊടുക്കാം. എന്നിട്ട് കഴുകിക്കളയാം.