പുനഃപരീക്ഷ ഗുരുതര പ്രത്യാഘാതമുണ്ടാക്കും, ചോദ്യപേപ്പർ വ്യാപകമായി ചോർന്നില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: നീറ്റ്-യുജിയിൽ പുനഃപരീക്ഷയില്ലെന്ന് വിധിച്ച് സുപ്രീംകോടതി. ക്രമക്കേടെന്ന് പരാതിയുയർന്ന നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും പുനഃപരീക്ഷ നടത്തണം എന്നും ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി പൂർണവിധി അൽപസമയത്തിനകം പുറത്തുവരും. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേടുണ്ടെന്ന് കണ്ടെത്താനായില്ലെന്ന് കേസ് വാദംകേട്ട ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് അറിയിച്ചു. വ്യാപക ക്രമക്കേട് നടന്നതായി തെളിവില്ലാത്തതിൽ പരീക്ഷ റദ്ദാക്കേണ്ടതില്ല.
24 ലക്ഷംപേരാണ് പരീക്ഷയെഴുതിയത്. അതിൽ 20 ലക്ഷംപേർ യോഗ്യത നേടി. പുനഃപരീക്ഷ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. പരീക്ഷകളുടെ ഭാവിയിലെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്‌റ്റിസ് അറിയിച്ചു, പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തിയാൽ അത് പ്രവേശനത്തെ ബാധിക്കും, രാജ്യത്ത് യോഗ്യരായ മെഡിക്കൽ പ്രൊഫഷണലുകൾ ഭാവിയിൽ കുറയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഇത് വിപരീത ഫലം സൃഷ്‌ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ബീഹാറിലും ജാർഖണ്ഡിലുമാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ചോർച്ചയുണ്ടായതിൽ തർക്കമില്ലെന്നും എന്നാൽ പരീക്ഷാ സമ്പ്രദായത്തിന്റെയും നടത്തിപ്പിന്റെയും പരിശുദ്ധിയിൽ സംശയമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. പരീക്ഷയെഴുതിയ 24 ലക്ഷം പേരിൽ പലരും സ്വന്തം നാട്ടിൽ നിന്ന് ഏറെ യാത്രചെയ്‌തെത്തിയാണ് പരീക്ഷയെഴുതിയത്. വീണ്ടും പരീക്ഷ നടത്തുന്നത് ഇവർക്ക് ബുദ്ധിമുട്ടാകും. ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ എൻ.ടി.എ, സിബിഐ എന്നിവരുടെ റിപ്പോർട്ടുകൾ നേരത്തെ സമർപ്പിച്ചിരുന്നു. വ്യാപകമായ ചോദ്യപേപ്പർ ചോർച്ചയുണ്ടായില്ലെന്നാണ് എൻ.ടി.എ റിപ്പോർട്ടിലുള്ളത്. എന്നാൽ ഈ റിപ്പോർട്ടുകളെ ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്‌തിരുന്നു.