ആസിഫ് അലിയും ജോഫിനും ഒരുമിക്കുന്ന രേഖാചിത്രം
ആസിഫ് അലി നായകനായി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രേഖാചിത്രം എന്നു പേരിട്ടു. എൺപതുകളിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം സിനിമയുടെ കാലത്ത് നടന്ന കഥയാണ് പ്രമേയം. അനശ്വര രാജൻ, ഭാമ അരുൺ, സെറിൻ ശിഹാബ് എന്നിവരാണ് നായികമാർ. മമ്മൂട്ടിയെ നായകനാക്കി ദ പ്രീസ്റ്റ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. മനോജ് കെ. ജയൻ ആണ് മറ്റൊരു പ്രധാന താരം.
ജോഫിൻ ടി. ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.
ഛായാഗ്രഹണം അപ്പു പ്രഭാകർ, ചിത്രസംയോജനം : ഷമീർ മുഹമ്മദ്, വസ്‌ത്രാലങ്കാരം സമീറ സനീഷ്, മാളികപ്പുറം, 2018 എന്നീ വിജയ ചിത്രങ്ങൾക്കും റിലീസിന് ഒരുങ്ങുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മാണം. അതേസമയം ആസിഫ് അലി നായകനായി നവാഗതനായ സേതുനാഥ് പദ്‌മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി ആഗസ്റ്റ് 15ന് തൃശൂരിൽ ആരംഭിക്കും. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയ്‌നറായാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ലെവൽക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. ജൂലായ് 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അമല പോൾ, ഷറഫുദ്ദീൻ എന്നിവരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.