ലഹരി കച്ചവടത്തിന് 'ഓട്ടോ സവാരി' !

Wednesday 24 July 2024 12:58 AM IST

കൊച്ചി: കണ്ടാൽ സവാരി പോകുന്ന ഓട്ടോറിക്ഷ. പക്ഷേ നടക്കുന്നത് ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുള്ള ലഹരിയിടപാട് ! കാക്കനാട് രാത്രികാലങ്ങളിൽ ഓട്ടോറിക്ഷയുമായി ചുറ്റിനടന്ന് മയക്കുമരുന്ന് ഗുളിക വില്പനക്കാരൻ ഒടുവിൽ പിടിയിലായി. കാക്കനാട് തുതിയൂർ മാന്ത്രയിൽ രാഹുൽ രമേശാണ് (30) സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് ഇന്റലിജൻസ്, എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളിൽ നിന്ന് 58 (31 ഗ്രാം) നെട്രോസെപാം ഗുളികകളും ലഹരി ഉപയോഗിച്ച് കഴിഞ്ഞാൽ ഛർദ്ദിക്കാതിരിക്കാനുള്ള ഫിനർഗാൻ ആംപ്യൂളുകൾ, സ്റ്റെർലിംഗ് വാട്ടർ, നിരവധി സിറിഞ്ചുകൾ എന്നിവ കണ്ടെടുത്തു.

ഇയാളുടെ സ്മാർട്ട് ഫോൺ, ഓട്ടോറിക്ഷ എന്നിവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ മയക്കുമരുന്ന് കച്ചവടത്തിൽ പ്രദേശവാസികളായ നിരവധി യുവാക്കളും സഹായികളായിട്ടുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകും. രാഹുൽ രമേശ് നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ്. നാല് രൂപ വിലയുള്ള ഒരു മയക്കുമരുന്ന് ഗുളിക ഒന്നിന് 200രൂപയ്ക്കാണ് വിറ്റിരുന്നത്. കഴിഞ്ഞ ആഴ്ച കാക്കനാട് ചിറ്റേത്ത്കര ഭാഗത്ത് നിന്ന് പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരമാണ് അറസ്റ്റിലേക്ക് വഴിതുറന്നത്. മാരക ലഹരിയിലായിരുന്ന ഇയാളെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കസ്റ്റഡിയിൽ എടുക്കാനായത്.

എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ ജിമ്മി ജോസഫ്, എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ മനൂപ്. വി.പി., സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ എൻ.ഡി.ടോമി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ച് പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ, സി.ഇ.ഒ പി.പത്മഗിരീശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

നൽകിയവർ കുടുങ്ങും

ഷെഡ്യൂൾഡ് എച്ച് 1 വിഭാഗത്തിൽപ്പെട്ട നൈട്രോസെപാം ഗുളിക അപൂർവം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഒപ്പം ട്രിപ്പിൾ പ്രിസ്‌ക്രിപ്ഷനുകൾ ഉണ്ടായാലേ മരുന്ന് വാങ്ങാനാകൂ. ഒന്ന് ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണിത്. പ്രതിക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകിയവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

Advertisement
Advertisement