വിശാൽ കൊലക്കേസ്: രണ്ട് സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായി

Wednesday 24 July 2024 1:10 AM IST

മാവേലിക്കര : ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എ.ബി.വി.പി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിൽ രണ്ട് സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയായി. ആറാം സാക്ഷി രാഹുലിന്റെയും നാലാം സാക്ഷി വിനു ശേഖറിന്റെയും വിസ്താരമാണ് പൂർത്തിയായത്.

തന്റെ മുൻപിൽ വെച്ചാണ് വിശാലിനെ പ്രതി കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ ഷെഫീക്ക് കുത്തി പരിക്കേൽപ്പിച്ചതെന്ന് രാഹുൽ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി.പി പൂജ മുമ്പാകെ മൊഴി നൽകി. താൻ അടക്കമുള്ള എബിവിപി പ്രവർത്തകർ നവാഗതരെ സ്വീകരിച്ചുകൊണ്ട് നിന്ന സമയം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും ആക്രമണത്തിൽ വിശാലിനോടൊപ്പം വിഷ്ണുപ്രസാദ്, ശ്രീജിത്ത് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റതിന് താൻ ദ്യക്സാക്ഷിയാണെന്നും രാഹുൽ മൊഴി നൽകി.

ഷെഫീഖ് തന്നോടൊപ്പം സ്കൂൾ കാലഘട്ടത്തിൽ പഠിച്ചിരുന്ന ആളാണെന്നും അതുകൊണ്ടുതന്നെ ഷെഫീക്കിനെ കൃത്യമായി തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും നാലാം സാക്ഷി വിനു ശേഖർ കോടതിയിൽ മൊഴി കൊടുത്തു. കൂടാതെ ലവ് ജിഹാദ് വിരുദ്ധ പ്രവർത്തനങ്ങളിൽ വിശാൽ സജീവമായി ഇടപെട്ടിരുന്നതായി തനിക്ക് അറിവ് ഉണ്ടായിരുന്നു എന്നും ക്രോസ് വിസ്താരത്തിൽ പറഞ്ഞു. കേസിലെ പ്രതികൾ കൊലപാതക സംഭവത്തിൽ ഉൾപ്പെട്ടവർ അല്ല എന്നും വിശാൽ മറിഞ്ഞു വീണു ഉണ്ടായ പരിക്ക് ആണ് മരണത്തിന് കാരണമായത് എന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉന്നയിച്ചത്.

കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Advertisement
Advertisement