എട്ടാം ദിനവും നിരാശ; ഗംഗാവലിയിൽ അടിയൊഴുക്ക്

Wednesday 24 July 2024 4:10 AM IST

അങ്കോള (ഉത്തര കർണ്ണാടക): ഷിരൂരിൽ മലയിടിഞ്ഞു കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ എട്ടാം ദിവസവും നിരാശ. ഗംഗാവലി നദിയിൽ തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ശക്തമായ അടിയൊഴുക്ക് തിരിച്ചടിയായി. നേവിയുടെയും സൈന്യത്തിന്റെയും മുങ്ങൽ വിദഗ്ദ്ധർക്ക് നദിയുടെ ആഴങ്ങളിൽ പരിശോധിക്കാനായില്ല. സൈന്യം ഉച്ചയോടെ പുഴയിൽ നിന്ന് കയറി.

രാവിലെ കരയിലെ ശേഷിച്ച മൺകൂനയിലെ തിരച്ചിലിന് ശേഷമാണ് പുഴയിൽ ഇറങ്ങിയത്. ഇന്ന് റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിൽ തിരയും. സൈന്യത്തിലെ സ്‌കൂബ ഡൈവർമാർ ഇതിനായി എത്തും. ഇതിന് കേന്ദ്രം സുരക്ഷാ അനുമതി നൽകി. റിട്ട മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും ഇന്ന് രാവിലെ എത്തും.

നേവി സ്കൂബാ ഡൈവർമാർ നദീതീരത്ത് നിന്ന് 40 മീറ്റർ അകലെ റഡാർ സിഗ്നൽ കണ്ടെത്തിയ പ്രദേശം നാവികസേനാ ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്നലെ പരിശോധിച്ചിരുന്നു. സഹോദരൻ ജിതിൻ അടക്കമുള്ള അർജുന്റെ ബന്ധുക്കൾക്കും മാദ്ധ്യമ പ്രവർത്തകർക്കും സ്ഥലത്തേക്ക് ആദ്യം പ്രവേശനം നിഷേധിച്ചിരുന്നു. പിന്നീട് ജിതിനെ മാത്രം കടത്തിവിട്ടു. കേരളത്തിലെ എം.എൽ.എമാരായ എ. കെ. എം അഷറഫും സച്ചിൻ ദേവും ലിന്റോ ജോസഫും ഷിരൂരിൽ തുടരുകയാണ്. കാർവാർ എം.എൽ.എ സതീശ് സെയിലും സ്ഥലത്തുണ്ട്. നദി കവിഞ്ഞൊഴുകുന്നതും ഇടയ്ക്കിടെ മഴയും ദൗത്യത്തിന് വെല്ലുവിളിയാണ്. മുമ്പ് മണ്ണിടിച്ചിലിൽ ഒലിച്ചു പോയ വീട്ടിലെസന്ന ഹനുമന്തപ്പ എന്ന സ്‌ത്രീയുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്.

തൃപ്തിയുണ്ടെന്ന് കുടുംബം

ഇപ്പോഴത്തെ തിരച്ചിലിൽ തൃപ്തിയുണ്ടെന്നും കണ്ടെത്തും വരെ ഇതേപോലെ തുടരണമെന്നും അ‌ർജ്ജുന്റെ കുടുംബം പ്രതികരിച്ചു.

ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

തിരച്ചിൽ വേഗത്തിലാക്കണമെന്ന് ഹർജി നൽകിയ അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രൻ സുപ്രീംകോടതി നിർദേശപ്രകാരം കർണാടക ഹൈക്കോടതിയെ സമീപിച്ചു. ബംഗളൂരു ബെഞ്ച് ഇന്നലെ ഉച്ചയ്ക്ക് ഹർജി പരിഗണിച്ചു. ഹൈക്കോടതി ആവശ്യപ്പെട്ടത് പ്രകാരം കർണ്ണാടക സർക്കാർ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു.

Advertisement
Advertisement