108ആംബുലൻസ് ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം
ആലപ്പുഴ: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ രാവും പകലും ചീറിപ്പായുന്ന 108 ആംബുലൻസിലെ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ (എൻ.ആർ.എച്ച്.എം) മേൽനോട്ടത്തിൽ നിന്ന് സ്വകാര്യ ഏജൻസിയിലേക്ക് മാറിയതോടെയാണ് ശമ്പളം മുടങ്ങാൻ തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു. 2019 മുതലാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചത്. അന്നുമുതൽ ശമ്പളത്തിന്റെ കാര്യത്തിൽ കൃത്യത ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു. ഇതിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചതോടെ എല്ലാ മാസവും ഏഴിന് ശമ്പളം നൽകാമെന്ന്
കമ്പനി ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. കഴിഞ്ഞ മാസവും ശമ്പളത്തിന് വേണ്ടി പ്രതിഷേധിക്കേണ്ടി വന്നു. ശമ്പളം എന്ന് നൽകുമെന്ന് ഉറപ്പ് നൽകാൻ കമ്പനി അധികൃതർ ഇതുവരെ തയ്യാറായിട്ടുമില്ല.
സർക്കാർ പണം നൽകിയില്ല
1.സർക്കാരിൽ നിന്ന് സ്വകാര്യ ഏജൻസികൾക്ക് ലഭിക്കാനുള്ള 70കോടിയോളം രൂപ കുടിശികയായതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങാൻ കാരണം. കഴിഞ്ഞ ദിവസം 3.84കോടി രൂപ അനുവദിച്ചിരുന്നു
2. എന്നാൽ, കൂടുതൽ തുക വേണമെന്ന് ഏജൻസി ആവശ്യപ്പെട്ടതിനാൽ 54 ലക്ഷംരൂപ കൂടി സർക്കാർ അനുവദിച്ചെങ്കിലും ഏജൻസി വാങ്ങിയിട്ടില്ല. ഇത്രയും തുക ലഭിച്ചിട്ടും ജീവനക്കാർക്ക് ശമ്പളം നൽകാൻ ഏജൻസി തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം
സേവനം സൗജന്യം
ജില്ലയിൽ 35 ആശുപത്രികളിലാണ് 108 ആംബുലൻസുകൾ സൗജന്യമായി സർവീസ് നടത്തുന്നത്
ഓരോ ആംബുലൻസിലും രണ്ട് ഡ്രൈവർ, ഒരു ടെക്‌നിഷ്യൻ എന്നിവരാണുള്ളത്
ഡീസൽ, ജീവനക്കാരുടെ ശമ്പളം, വാഹനത്തിന്റെ അറ്റകുറ്റപ്പണി ഉൾപ്പടെയുള്ള ചെലവ് സ്വകാര്യ ഏജൻസിക്ക് സർക്കാർ നൽകും
ഡ്രൈവർക്ക് 21,500ഉം ടെക്നിഷ്യന് 23,955രൂപയുമാണ് ശമ്പളം
ആംബുലൻസുകൾ : 35
ജീവനക്കാർ : 105
വേതനവുമായി ബന്ധപ്പെട്ട് നടത്തിപ്പുചുമതലക്കാൻ നൽകിയ ഉറപ്പ് പാലിക്കണം. ഇല്ലെങ്കിൽ എല്ലാ സേവനങ്ങളും നിർത്തിവയ്ക്കും
-കേരള സ്റ്റേറ്റ് 108ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)