നീറ്റ് യു.ജിയിൽ പുനഃപരീക്ഷയില്ല

Wednesday 24 July 2024 4:37 AM IST

ന്യൂഡൽഹി : നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വ്യാപകമായി ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരീക്ഷാഫലത്തിൽ ക്രമക്കേട് നടന്നതിനോ, പരീക്ഷാനടത്തിപ്പിന്റെ ആകെ പവിത്രത നഷ്‌ടപ്പെട്ടതിനോ തെളിവില്ല. അതിനാൽ പുനഃപരീക്ഷ ന്യായീകരിക്കാൻ കഴിയാത്ത നടപടിയാകുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരും ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

23 ലക്ഷത്തിൽപ്പരം വിദ്യാ‌ർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. പുനഃപരീക്ഷയ്‌ക്ക് ഉത്തരവിടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അക്കാഡമിക് ഷെഡ്യൂളിനെ ബാധിക്കും. വരുംവർഷങ്ങളിൽ അതിന്റെ പ്രതിഫലനങ്ങളുണ്ടായേക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. വിദ്യാ‌ർത്ഥികൾ ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം ഹർജികളാണ് പരിഗണിച്ചത്.

 ചോർച്ച രണ്ടിടങ്ങളിൽ


ജാർഖണ്ഡിലെ ഹസാരിബാഗിലും ബീഹാറിലെ പാട്നയിലുമാണ് ചോദ്യപേപ്പ‌ർ‌ ചോർച്ചയുണ്ടായതെന്ന് കോടതി വിലയിരുത്തി. 155 വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കിയെന്ന് സി.ബി.ഐയുടെ തത് സ്ഥിതി റിപ്പോർട്ടിൽ പറയുന്നു. ദേശീയ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ.ടി.എ)​ നിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചു. ക്രമക്കേട് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രസർക്കാരും എൻ.ടി.എയും അറിയിച്ചിട്ടുണ്ട്.

#രണ്ട് ശരിയുത്തരമില്ല;

നാലു ലക്ഷംപേരുടെ

മാർക്ക് കുറയും

ഫിസിക്‌സിലെ 19ാമത്തെ ചോദ്യത്തിന് ഓപ്ഷൻ നമ്പ‌ർ നാലാണ് ശരിയുത്തരമായി എടുക്കേണ്ടതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഡൽഹി ഐ.ഐ.ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

രണ്ട് ശരിയുത്തരം ഉണ്ടെന്ന് കണക്കാക്കി നൽകിയ മാർക്കുകൾ റദ്ദാവും. നാല് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ മാർക്കിൽ മാറ്റമുണ്ടായേക്കും.

നാലു മാർക്ക് നഷ്ടപ്പെടുന്നതിനു പുറമേ ഉത്തരം തെറ്റിയതിന് ഒരു മാർക്ക് കുറയ്ക്കുകയുംചെയ്യും.

എൻ.സി.ഇ.ആർ.ടി ലേറ്റസ്റ്റ് എഡിഷൻ പാഠപുസ്‌തകം പ്രകാരം ഓപ്ഷൻ നമ്പ‌ർ നാലാണ് ശരിയുത്തരം. പഴയ സിലബസ് പ്രകാരം ശരിയുത്തരമായ ഓപ്ഷൻ നമ്പർ രണ്ട് രേഖപ്പെടുത്തിയവർക്ക് ഗ്രേസ് മാർക്ക് നൽകിയിരുന്നു.