ഏഴാം ബഡ്‌ജറ്റും ടാബ്‌ലറ്റിൽ
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിർമ്മലാ സീതാരാമൻ
തുടർച്ചയായ ഏഴാം ബഡ്‌ജറ്റ് എന്ന റെക്കാഡിനൊപ്പമെത്തി. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിക്കായിരുന്നു ഇതുവരെ ഈ ബഹുമതി. ഇന്ത്യൻ നിർമ്മിത ടാബിൽ 'കടലാസ് രഹിത' ബഡ്‌ജ് അവതരണമായിരുന്നു ഇന്നലെയും.
രാവിലെ 11മണിക്കായിരുന്നു ബഡ്‌ജറ്റ് അവതരണമെങ്കിലും 15 മിനിട്ട് മുൻപേ സഭയിലെത്തിയ നിർമ്മല ടാബ് വച്ച സ്റ്റാൻഡും ഇരിപ്പിടവും പരിശോധിച്ച് തയ്യാറെടുപ്പ് നടത്തി. മജന്ത ബോർഡുള്ള ആന്ധ്രാ ‘മംഗളഗിരി’ വെള്ള സിൽക്ക് സാരിയായിരുന്നു വേഷം.
11മണിക്ക് സഭസമ്മേളിച്ചയുടൻ സ്‌പീക്കർ ഓം ബിർളയുടെ ഗ്രീൻ സിഗ്‌നൽ ലഭിച്ചതും ടാബിൽ വിരൽ അമർത്തി ബഡ്‌ജറ്റ് വായന തുടങ്ങി. ഒരു മണിക്കൂറും 26 മിനിട്ടും നീണ്ട അവതരണം. പതിവ് ബഡ്‌ജറ്റ് അവതരണത്തിലെ കവിത ഉദ്ധരിച്ചുള്ള നമ്പരുകളൊന്നുമില്ല. ബീഹാറിനും ആന്ധ്രയ്‌ക്കുമുള്ള പ്രഖ്യാപനങ്ങൾ വന്നപ്പോൾ അടക്കം പ്രതിപക്ഷത്തു നിന്നുള്ള പ്രതികരണങ്ങളിൽ പതറാതെ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ആവർത്തിച്ച് വായിച്ചു. അച്ചടിച്ച ബഡ്‌ജറ്റിന് പകരം ടാബിലെ കടലാസ് രഹിത ബഡ്‌ജറ്റ് വായന നിർമ്മലാ സീതാരാമൻ 2021ലാണ് തുടങ്ങിയത്.