തൊഴിൽ നൽകാൻ അഞ്ച് പാക്കേജുകൾ

Wednesday 24 July 2024 1:36 AM IST

ന്യൂഡൽഹി: ഉദ്യോഗാർത്ഥികളെയും തൊഴിൽദായകരെയും ഒരുപോലെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബ‌ഡ്ജറ്റിൽ പ്രധാനമന്ത്രിയുടെ പേരിൽ നടപ്പാക്കുന്ന അഞ്ച് പദ്ധതികൾ. മൂന്നെണ്ണം ഇ.പി.എഫിൽ രജിസ്റ്റർ ചെയ്‌തവർക്കുള്ളതാണ്.

1.ആദ്യ ജോലിക്ക് ₹15,000

എല്ലാ മേഖലകളിലും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരുടെ ഒരു മാസത്തെ ശമ്പളം ഇ.പി.എഫ് വിഹിതമായി കേന്ദ്രം നൽകും. 15,000 രൂപവരെ ശമ്പളം മൂന്ന് ഗഡുക്കളായാണ് നൽകുക. മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കാണ് അർഹത. 210 ലക്ഷം യുവാക്കൾക്ക് പ്രയോജനം


2. ഉത്പാദന മേഖലയിൽ

പദ്ധതി പ്രകാരം പുതുതായി ജോലിയിൽ കയറുന്നവരുടെ ആദ്യ 4 വർഷത്തെ ഇ.പി.എഫ് വിഹിതത്തിൽ ജീവനക്കാർക്കും തൊഴിലുടമയ്ക്കും നേരിട്ട് നിർദ്ദിഷ്ട സ്കെയിലിൽ ഇൻസെന്റീവ് നൽകും. 30 ലക്ഷം യുവാക്കൾക്കും തൊഴിലുടമകൾക്കും പ്രയോജനം


3. തൊഴിലുടമകൾക്ക് ₹ 3,000

എല്ലാ മേഖലകളിലും അധിക തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്ന പദ്ധതി. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകുന്ന ജോലികളാണ് പരിഗണിക്കുക. ഓരോ ജീവനക്കാരന്റെയും ഇ.പി.എഫ് വിഹിതമായി രണ്ടു വർഷത്തേക്ക് പ്രതിമാസം 3,000 രൂപ വരെ തൊഴിലുടമകൾക്ക് നൽകും. 50 ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും

4. ഇന്റേൺഷിപ്പ് ₹ 5000

അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് 500 മികച്ച കമ്പനികളിൽ 12 മാസം ഇന്റേൺഷിപ്പ്. പ്രതിമാസം 5,000 രൂപ അലവൻസും 6,000 രൂപ ഒറ്റത്തവണ സഹായവും. പരിശീലനം, ഇന്റേൺഷിപ്പ് ചെലവ് എന്നിവയുടെ പത്തു ശതമാനവും കമ്പനികൾ സി.എസ്.ആർ ഫണ്ടിൽ നിന്ന് കണ്ടെത്തണം.

5. നൈപുണ്യ പരിപാടി
സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് വർഷത്തിനുള്ളിൽ 20 ലക്ഷം യുവാക്കൾക്ക് നൈപുണ്യ പരിശീലനം. 1,000 വ്യാവസായിക പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകൾ നവീകരിക്കും. പുതിയ കോഴ്‌സുകൾ

വിദ്യാഭ്യാസ വായ്പ

സർക്കാർ ഗ്യാരന്റിയോടെ 25,000 വിദ്യാർത്ഥികൾക്ക് 7.5 ലക്ഷം രൂപ വായ്‌പ നൽകും. ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെ വായ്‌പ. ഓരോ വർഷവും വായ്പയുടെ 3 ശതമാനം വാർഷിക പലിശയിളവ് നൽകാൻ ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് ഇ-വൗച്ചറുകൾ.

Advertisement
Advertisement