'ബിജെപിക്ക് ലോക്‌സഭാംഗത്തെ ലഭിച്ചതോടെ എല്ലാകാര്യങ്ങളും ഇപ്പോൾ ശരിയാക്കുമെന്ന് പറഞ്ഞവരുടെ പൊള്ളത്തരം പുറത്തായി'

Tuesday 23 July 2024 11:38 PM IST

തിരുവനന്തപുരം: കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സംസ്ഥാനത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനമാണിത്. മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ കേരളത്തോട് തുടർച്ചയായി കാണിക്കുന്ന രണ്ടാനമ്മ നയം ജനജീവിതം ദുസഹമാക്കും.

മൂന്നാം പാതയുൾപ്പെടെ ശബരിയടക്കമുള്ള റെയിൽ പദ്ധതികൾ, എയിംസ്, വായ്പാപരിധി വെട്ടിക്കുറച്ച് സാമ്പത്തികമായി ഞെരുക്കുന്ന സമീപനം, പ്രത്യേക സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം പദ്ധതിയുടെ സാധ്യതകൾ മുന്നിൽ കണ്ടുള്ള വികസനത്തിന് പണം തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ട ഒരു കാര്യവും പരിഗണിച്ചില്ല.

പ്രകൃതി ദുരന്ത സഹായം വിനോദ സഞ്ചാര മേഖലയ്ക്കുള്ള വകയിരുത്തൽ മേഖലകളിലും ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനങ്ങൾക്ക് വിഹിതം നൽകേണ്ടതില്ലാത്ത സെസ് ഒരു ഭാഗത്ത് വർദ്ധിപ്പിക്കുമ്പോൾ മറുഭാഗത്ത് സംസ്ഥാനങ്ങളുടെ നികുതി അധികാരങ്ങളിൽ കൈകടത്തുകയാണ്. ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ 24, 25നും ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ നിന്ന് ബിജെപിക്ക് ലോക്സഭാംഗത്തെ ലഭിച്ചതോടെ എല്ലാകാര്യങ്ങളും ഇപ്പോൾ ശരിയാക്കുമെന്ന് പറഞ്ഞ് വാഗ്ദാനങ്ങൾ ചൊരിഞ്ഞവരുടെ പൊള്ളത്തരവും ബജറ്റിലൂടെ പുറത്തായി. കേരളത്തെ ഒരു കാര്യത്തിലും പരിഗണിക്കില്ലയെന്ന പരമ്പരാഗത നിലപാട് തന്നെയാണ് കേന്ദ്രം തുടരുന്നത്.


സ്ഥലം ഏറ്റെടുത്ത് നൽകാൻ തയ്യാറായിട്ടുപോലും എയിംസ് പരിഗണിച്ചില്ല. ഏതെങ്കിലും വിധത്തിലുള്ള തർക്കം കേരളം ഇക്കാര്യത്തിൽ ഉന്നയിച്ചിട്ടില്ല. എയിംസ് ആവശ്യമാണെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന സ്ഥിതിയാണ് കേരളത്തിൽ. എന്നിട്ടും കേന്ദ്ര ബിജെപി സർക്കാർ അത് തള്ളിക്കളഞ്ഞു. പ്രസ്‌താവനയിൽ പറയുന്നു.

Advertisement
Advertisement