ഐ.എൻ.എസ് ബ്രഹ്മപുത്ര അപകടം സ്ഥിതി വിലയിരുത്തി നാവിക സേനാ മേധാവി
മുംബയ് : മുംബയിലെ നേവൽ ഡോക്ക് യാർഡിൽ യുദ്ധകപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്രയിൽ അഗ്നിബാധയുണ്ടായ സംഭവത്തെത്തുടർന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്നലെ മുംബയ് ഡോക്ക് യാർഡിലെത്തിയ അദ്ദേഹം
അപകടത്തെക്കുറിച്ചും യുദ്ധക്കപ്പലിന്റെ കേടുപാടുകളെയും കുറിച്ച് ചോദിച്ചറിഞ്ഞു.
കാണാതായ നാവികസേനാ ഉദ്യോഗസ്ഥനായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു. കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്. ഞായറാഴ്ച വൈകിട്ടാണ് അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഐ.എൻ.എസ് ബ്രഹ്മപുത്രയിൽ
തീപിടിത്തം ഉണ്ടായത്. യാർഡിലെ ജീവനക്കാരുടെയും അഗ്നിശമന സേനയുടെയും സഹായത്തോടെ തിങ്കളാഴ്ച രാവലെയോടെ തീ നിയന്ത്രണ വിധേയമാക്കി.
ബ്രഹ്മപുത്ര 2000 ഏപ്രിലിലാണ് കമ്മിഷൻ ചെയ്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. 40 ഉദ്യോഗസ്ഥരും 330 നാവികരും കപ്പലിലുണ്ടാകും. 2016ൽ ഐ.എൻ.എസ് ബെത്വ മറിഞ്ഞ് രണ്ട് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.