ആന്ധ്രയ്ക്ക് ലോട്ടറി; നന്ദി അറിയിച്ച് നായിഡു

Wednesday 24 July 2024 12:36 AM IST

വിജയവാഡ: കേന്ദ്ര ബഡ്ജറ്റിൽ ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന കിട്ടിയതിൽ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി നിർമ്മലാ സീതാരാമനും നന്ദി അറിയിച്ചു. ഈ വർഷത്തെ ബഡ്ജറ്റിനെ 'പുരോഗമനപരവും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതും' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 'നമ്മുടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ഒരു തലസ്ഥാനം, പോളവാരം പദ്ധതി, വ്യാവസായിക ഇടനാഴി എന്നിവയ്ക്കു വേണ്ടി ശ്രദ്ധയുണ്ടായതിൽ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ നന്ദി പറയുന്നു.

2024- 25 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബഡ്ജറ്റിൽ ആന്ധ്രയിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിന് കേന്ദ്രത്തിൽ നിന്നുള്ള ഈ പിന്തുണ ഏറെ സഹായകമാകും''- അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗമായ നായി‌ഡുവിന്റെ ടി.‌ഡി.പി അംഗബലത്തിൽ എൻ.ഡി.എയിൽ രണ്ടാം സ്ഥാനത്തുമാണ്.

അമാരവതിക്ക് 15,000 കോടി

ആന്ധ്രയുടെ പുതിയ തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കുന്നതിനാണ് 15,000 കോടി അനുവദിച്ചത്. പോളവാരം ജലസേചന പദ്ധതിക്ക് ധനസഹായം പ്രഖ്യാപിച്ച വേളയിൽ 'ആന്ധ്രപ്രദേശിന്റെയും കർഷകരുടെയും ജീവനാഡി' എന്നാണ് നി‌ർമ്മാലാ സീതാരാമൻ വിശേഷിപ്പിച്ചത്.

കൊപ്പർത്തി (വിശാഖപട്ടണം-ചെന്നൈ വ്യവസായ ഇടനാഴിയുടെ ഭാഗം), ഒർവക്കൽ (ഹൈദരാബാദ്‌-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗം) എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനും

റായലസീമ, വടക്കൻ ആന്ധ്ര ജില്ലകൾ, തെക്കൻ ആന്ധ്ര ജില്ലയായ പ്രകാശം എന്നിവിടങ്ങളിലെ പിന്നാക്ക പ്രദേശങ്ങളുടെ വികസനത്തിനും ബഡ്ജറ്റിൽ പ്രത്യേക ഫണ്ട് പ്രഖ്യാപിച്ചു.

2014ലെ എ.പി പുനഃസംഘടന നിയമത്തിൽ വാഗ്ദാനം ചെയ്തതുപോലെ ആന്ധ്രാപ്രദേശിൽ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.

Advertisement
Advertisement