യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിട്ടുനിന്ന് ഒബാമ... പിന്തുണച്ച് നാൻസി ...
ന്യൂയോർക്ക് : പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിന് കമലാ ഹാരിസിനെ അംഗീകരിക്കുന്ന കാര്യത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കാതെ മുൻ പ്രസിഡന്റ് ബറാക് ഒബാമ. വാരാനിരിക്കുന്ന ദിവസങ്ങളെ കുറിച്ച് അറിവില്ലെന്നും എന്നാൽ ഒരു മികച്ച നോമിനിയെ കൊണ്ട് വരാൻ ഞങ്ങളുടെ പാർട്ടിയുടെ നേതാക്കൾക്ക് കഴിയുമെന്ന് എനിക്ക് അതിയായ വിശ്വസമുണ്ടെന്ന് ഒബാമ കഴിഞ്ഞ ദിവസം മീഡിയം പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം മുൻ സ്പീക്കർ നാൻസി പെലോസി കമലയ്ക്ക് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നു. "നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസത്തോടും അഭിമാനത്തോടും കൂടി, ഞാൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ അമേരിക്കൻ പ്രസിഡന്റായി അംഗീകരിക്കുന്നു. നവംബറിൽ അവർ ഞങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," പെലോസി എക്സിൽ പറഞ്ഞു. ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറി 24 മണിക്കൂറിന് ശേഷമാണ് പെലോസിയുടെ പ്രഖ്യപനം. യു.എസ് പ്രസിഡന്റിനോടുള്ള അഭിനന്ദന കുറിപ്പോടെയാണ് നാൻസി തന്റെ പ്രസ്താവന ആരംഭിച്ചത്.
പ്രസിഡന്റ് ജോ ബൈഡന്റ് ജ്ഞാനവും നേതൃത്വവും കൊണ്ട് അമേരിക്ക ശരിക്കും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുയെന്നു, എന്നും രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കൊപ്പം നിൽക്കുന്നതിന് സ്നേഹവും നന്ദിയും അറിയിക്കുന്നു എന്നും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ അമേരിക്കൻ പ്രസിഡന്റായി അംഗീകരിക്കുന്നു എക്സിൽ കുറിച്ചു. ഡെമോക്രാറ്റുകളുടെ സമ്മർദ്ദത്തെത്തുടർന്ന് ബൈഡൻ കഴിഞ്ഞദിവസവമാണ് പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
അതേസമയം കാലിഫോർണിയയിൽ പ്രോസിക്യൂട്ടറായും അറ്റോർണി ജനറലായും സേവനമനുഷ്ഠിക്കുമ്പോൾ 'എല്ലാ തരം കുറ്റവാളികളെ' കണ്ടിട്ടുണ്ടെന്നും അതു കൊണ്ട് ട്രംപിനെ നേരിടേണ്ട രീതി തനിക്ക് അറിയാമെന്നും ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നോമിനി കമല ഹാരിസ് പറഞ്ഞു. ബൈഡന്റെ പിന്മാറ്റത്തിന് ശേഷമുള്ള തിങ്കളാഴ്ച്ച ഡെലവെയറിലെ വിൽമിംഗ്ടണിലെ തന്റെ ആദ്യ കാമ്പെയ്നിൽ സംസാരിക്കുകയായികുന്നു അവർ. കമലയെ ആഗസ്റ്റ് ഏഴിന് ഡെമോക്രാറ്റിക് കൺവെൻഷനിൽ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലോഗോ മാറി
പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമല ഹാരിസിന്റെ പേരു ചേർത്തു പുതിയ ലോഗോ പുറത്ത്. ഹാരിസ് ഫോർ പ്രസിഡന്റ്, ‘ലെറ്റ്സ് വിൻ ദിസ്’ എന്നെഴുതിയ പുതിയ ലോഗോയാണ് പുറത്തുവിട്ടത്.