ഫാഷൻ ഷോയിൽ തിളങ്ങി തിളങ്ങി...
ന്യൂയോർക്ക്: വെർച്വൽ ഫാഷൻ ഷോയുടെ വീഡിയോ പങ്കുവെച്ച് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്. ലോക നേതാക്കൾ ആണ് മോഡലുകളായി റാമ്പിൽ അണിനിരക്കുന്നത് എന്നത് കൗതുകം. ഓരോ നേതാക്കൾക്കും പ്രത്യേകം കോസ്റ്റ്യൂമടക്കം നൽകി ഞെട്ടിക്കുന്ന തരത്തിലാണ് വീഡിയോ തയാറാക്കിയിട്ടുള്ളത്. ഭാവിയെ സംബന്ധിച്ച വേഷത്തിൽ റാമ്പ് വാക് നടത്തുന്ന നേതാക്കളുടെ വീഡിയോ ഇതിനോടകം 45 ദശലക്ഷത്തോളം വ്യൂസാണ് നേടിയിരിക്കുന്നത്. “ഒരു AI ഫാഷൻ ഷോയ്ക്കുള്ള മികച്ച സമയം,” എന്ന ക്യാപ്ഷനോടെ ജൂലൈ 22ന് എക്സിൽ പങ്കുവെച്ച എ.ഐ വിഡിയോയിൽ കമല ഹാരിസ്, ജോ ബൈഡൻ, ഡൊണാൾഡ് ട്രംപ്, ബറാക് ഒബാമ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി മുതൽ എലോൺ മസ്‌ക് വരെ ഉണ്ട്.
വെള്ള പഫർ ജാക്കറ്റിൽ അരയിൽ സ്വർണ്ണ ബെൽറ്റും കുരിശുമായി എത്തുന്ന ഫ്രാൻസിസ് മാർപാപ്പയാണ് റാംപിൽ ആദ്യം കാണാൻ കഴിയുന്നത്. ശേഷംലൂയി വറ്റോൺന്റെ മഴവില്ലിന്റെ നിറങ്ങളുള്ള ഓഫ് ഷോൾഡർ വസ്ത്രം ധരിച്ചെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പ്രിന്റഡ് സ്യൂട്ടിൽ വീൽചെയറിലെത്തുന്ന ജോ ബൈഡനെയും എന്നിങ്ങനെ നേതാക്കന്മാരുടെ ഒരു നീണ്ടനിര. ഫ്യൂച്ചറിസ്റ്റിക് ടെസ്‌ലയുടെയും എക്‌സിന്റെയും വസ്ത്രത്തിൽ സൂപ്പർഹീറോയുടെ സ്യൂട്ട് ധരിച്ചായിരുന്നു മസ്കിന്റെ വരവ്.
ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, നാൻസി പലോസി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിംഗ് തുടങ്ങി നിരവധി ലോക നേതാക്കളാണ് വീഡിയോയില്‍ പല തരത്തിലുള്ള വേഷത്തില്‍ എത്തിയിട്ടുള്ളത്. വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.