ഗീസർ ഗ്യാസ് ലീക്കായി, ബംഗളൂരുവിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

Wednesday 24 July 2024 2:23 AM IST

ബംഗളൂരു: കുളിമുറിയിലുണ്ടായിരുന്ന ഗീസറിലെ ഗ്യാസ് ലീക്ക് ചെയ്‌ത് വിഷവാതകം ശ്വസിച്ച്

അമ്മയ്ക്കും മകനും ദാരുണാന്ത്യം. ബംഗളൂരു മാഗഡിയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ശോഭയും (40) മകൻ ദിലീപുമാണ് (17)​ മരിച്ചത്.

ശോഭ വീട്ടുജോലിക്കാരിയായിരുന്നു. ദിലീപ് വിദ്യാർത്ഥിയാണ്. ജ്യോതിനഗറിൽ

ഞായറാഴ്ച വൈകിട്ട് 5.30 നും 6.30നും ഇടയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിച്ചു. ശോഭയുടെ മൂത്തമകൾ ശശികലയാണ് അബോധാവസ്ഥയിൽ രണ്ട് പേരെയും കണ്ടെത്തുന്നത്.

അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദിലീപ് കുളിക്കാൻ പോയി ഏറെ നേരം കഴിഞ്ഞിട്ടും വരാതെ വന്നതോടെ ശോഭ കുളിമുറിയിൽ കയറിയെന്നാണ് പൊലീസ് പറയുന്നത്. മകനെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ ഇവരും ബോധംകെട്ട് വീഴുകയായിരുന്നു.

വീട്ടിൽ അടുക്കളയിലെ ചെറിയ ജനൽ അല്ലാതെ വായുകടക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതാണ്

അപകടത്തിന് കാരണമെന്നാണ് പൊലീസ് വിശദീകരണം. ഗീസർ ഉപയോഗിക്കുന്നവർ വായു കടക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് പൊലീസ് പറഞ്ഞു.