അർജുനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേയ്ക്ക്; വേഗത്തിൽ മണ്ണ് നീക്കരുതെന്ന് നിർദേശമുണ്ടായിരുന്നെന്ന് കർണാടക

Wednesday 24 July 2024 6:54 AM IST

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മലയിടിഞ്ഞു കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേയ്ക്ക് കടന്നു. ഗംഗാവലി പുഴയുടെ അടിത്തട്ടിലെ ലോഹവസ്തുവിന്റെ സിഗ്നൽ കേന്ദ്രീകരിച്ചായിരിക്കും പരിശോധന നടത്തുക. പുഴയുടെ തീരത്തോട് ചേർന്ന ഭാഗത്തെ മണ്ണുനീക്കൽ ആരംഭിച്ചു. പുഴയിലിറങ്ങിയുള്ള പരിശോധന അൽപ സമയത്തിനകം തുടങ്ങും.

റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ചാണ് പുഴയുടെ അടിത്തട്ടിൽ തിരയുന്നത്. സൈന്യത്തിലെ സ്‌കൂബ ഡൈവർമാർ ഇതിനായി എത്തും. ഇതിന് കേന്ദ്രം സുരക്ഷാ അനുമതി നൽകി. റിട്ട മേജർ ജനറൽ എം ഇന്ദ്രബാലനും സംഘവും ദൗത്യത്തിന്റെ ഭാഗമാവും. മംഗാലപുരത്തുനിന്നും ഗോവയിൽ നിന്നും പ്രത്യേക ഉപകരണങ്ങൾ എത്തിക്കും.

അതിനിടെ അർജുനെ കാണാതായെന്ന് പരാതി ലഭിച്ചയുടൻ തെരച്ചിൽ തുടങ്ങിയെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. ജൂലായ് 19ന് രാത്രിയാണ് പരാതി ലഭിച്ചത്. 20ന് രാവിലെ തെരച്ചിൽ തുടങ്ങി. വേഗത്തിൽ അന്ന് മണ്ണ് നീക്കരുതെന്ന് ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കർശന നിർദേശമുണ്ടായിരുന്നു.

വലിയ യന്ത്രങ്ങൾ പ്രവർത്തിച്ചാൽ വൻതോതിൽ മണ്ണിടിയും എന്നായിരുന്നു മുന്നറിയിപ്പ്. ഘട്ടം ഘട്ടമായേ മണ്ണെടുപ്പ് തുടരാവൂ എന്നും നിർദേശമുണ്ടായിരുന്നു. മലയുടെ ഭാഗത്തെ മണ്ണല്ല, റോഡിന്റെ ഭാഗത്തെ മണ്ണാണ് ആദ്യം നീക്കേണ്ടത് എന്നായിരുന്നു നിർദേശമെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. മണ്ണിടിച്ചിൽ ഉണ്ടായാൽ ഉടൻ മണ്ണെടുക്കൽ നിർത്തണമെന്നും അറിയിപ്പുണ്ടായിരുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ജൂലായ് 16നാണ് അർജുനെ കാണാതായത്. അന്നുതന്നെ പരാതി നൽകിയെന്നാണ് കുടുംബം പറയുന്നത്. അന്നുരാത്രി തന്നെ പരാതി നൽകി. അവിടെ ഒരു മിസിംഗ് കേസ് 16ന് ഉച്ചയ്ക്കുതന്നെ റിപ്പോ‌ർട്ട് ചെയ്തിട്ടുണ്ടെന്നാണ് സ്റ്റേഷനിൽ നിന്ന് അറിയിച്ചതെന്നും കുടുംബം പറയുന്നു.

അതേസമയം, ഷിരൂർ ദൗത്യത്തിൽ കർണാടക സർക്കാരിനെതിരെ കേരള എൻഡിഎ സമരത്തിനൊരുങ്ങുകയാണ്. ഇന്ന് തിരുവനന്തപുരത്ത് ധർണ നടത്തും. അർജുനെ കണ്ടെത്തുന്നതിൽ അലംഭാവമുണ്ടായെന്നാണ് ആക്ഷേപം.

Advertisement
Advertisement