ഒന്നാമൻ സിംഗപ്പൂരായപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചത് 82-ാം സ്ഥാനം; പൗരന്മാർക്ക് ഇനി 58 രാജ്യങ്ങളിൽ ടെൻഷനില്ലാതെ പറക്കാം

Wednesday 24 July 2024 10:15 AM IST

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോർട്ട് സൂചിക. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐഎടിഎ) പുറത്തുവിട്ട വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 82-ാമതാണ്. കൂടാതെ 58 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഇന്ത്യയുടെ നിലവിലെ സ്ഥാനം സെനഗൽ, തജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അടുത്തായാണ്.

പട്ടിക അനുസരിച്ച് ലോകത്തെ ഏ​റ്റവും ശക്തമായ പാസ്‌പോർട്ടുളളത് സിംഗപ്പൂരിനാണ്. 195 രാജ്യങ്ങളിലേക്ക് സിംഗപ്പൂർ പാസ്‌പോർട്ടുളളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ജപ്പാനുമായി മത്സരിച്ച് ഫ്രാൻസ്, ഇ​റ്റലി, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളിലെ പാസ്‌പോർട്ടുളളവർക്ക് 192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

അതേസമയം, ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്. ലക്‌സംബർഗ്, നെതർലൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഈ രാജ്യങ്ങളിലെ പാസ്‌പോർട്ടുളളവർക്ക് യാത്ര ചെയ്യാം. ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്,സ്വി​റ്റ്സർലൻഡ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ പട്ടികയിൽ നാലാം സ്ഥാനത്തും ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്തും ഇടംപിടിച്ചു. പട്ടികയിൽ അമേരിക്കയുടെ സ്ഥാനം എട്ടാമതാണ്. 186 രാജ്യങ്ങളിലേക്ക് അമേരിക്കൻ പാസ്‌പോർട്ടുളളവർക്ക് യാത്ര ചെയ്യാം.

പട്ടികയിൽ പാകിസ്ഥാൻ പാസ്‌പോർട്ടിന്റെ സ്ഥാനം 100-ാമതാണ്. 33 രാജ്യങ്ങളിലേക്ക് മാത്രമാണ് പാകിസ്ഥാൻ പാസ്‌പോർട്ടുളളവർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നത്. അഫ്ഗാനിസ്ഥാൻ പാസ്‌പോർട്ടിന്റെ സ്ഥാനം പട്ടികയിൽ എ​റ്റവും പിന്നിലാണ്.


ഇന്ത്യയുടെ സ്ഥാനം

58 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യുന്നതിനോടൊപ്പം ഇന്ത്യൻ പാസ്‌‌പോർട്ടുളളവർക്ക് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം.

Advertisement
Advertisement