ബഡ്‌ജറ്റിൽ പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ചു; പാർലമെന്റിൽ ഇന്ത്യാസഖ്യത്തിന്റെ വൻ പ്രതിഷേധം
ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റ് പ്രഖ്യാനത്തിനെതിരെ പാർലമെന്റിന് മുന്നിൽ വൻ പ്രതിഷേധവുമായി ഇന്ത്യാസഖ്യം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബഡ്‌ജറ്റിൽ അവഗണിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം. പാർലമെന്റ് അങ്കണത്തിൽ ഇന്ത്യാസഖ്യം ധർണ നടത്തി. ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, കെ സി വേണുഗോപാൽ, എസ്‌പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. സഭയിൽ വിഷയം ഉന്നയിക്കുമ്പോൾ കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വാക്കൗട്ട് നടത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
'ബഡ്‌ജറ്റ് എന്ന ആശയം ഈ വർഷം നശിക്കപ്പെട്ടു. കേന്ദ്ര സർക്കാർ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും തികഞ്ഞ വിവേചനമാണ് കാണിച്ചിരിക്കുന്നത്. അതിനാൽ, ഇതിൽ പ്രതിഷേധിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിലെ പൊതു അഭിപ്രായം ' -കെസി വേണുഗോപാൽ പറഞ്ഞു.
'കർഷകർക്ക് താങ്ങുവില വേണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാരിനെ രക്ഷിക്കുന്ന സഖ്യകക്ഷികൾക്കാണ് ബഡ്‌ജറ്റിൽ താങ്ങുവില പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിന് കാര്യമായൊന്നും കിട്ടിയില്ല. ഇരട്ട എഞ്ചിന്റെ പ്രയോജനമെന്താണ് '-എസ്‌പി നേതാവ് അഖിലേഷ് യാദവ് ചോദിച്ചു.
'ഏറ്റവും കൂടുതൽ നികുതി നൽകുന്ന സംസ്ഥാനമായിട്ടും മഹാരാഷ്ട്രയ്ക്ക് അർഹമായ വിഹിതം ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ അവഗണിക്കപ്പെട്ടു ' -ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.
'മിക്ക സംസ്ഥാനങ്ങൾക്കും വളരെ കുറച്ച് മാത്രമേ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളു. ആരോഗ്യ മേഖലയിലടക്കം വലിയ പ്രതീക്ഷയാണ് കേരളത്തിനുണ്ടായിരുന്നത്. അത് നിറവേറിയില്ല. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളും നിരാശയിലാണ് ' -ശശി തരൂർ പറഞ്ഞു.
ബഡ്‌ജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിക്കാനും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്ത്യാസഖ്യ യോഗത്തിൽ തീരുമാനിച്ചിരുന്നു. നിതി ആയോഗ് ശനിയാഴ്‌ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കും.
അതേസമയം, ഘടകകക്ഷികളെ പ്രീതിപ്പെടുത്തി അധികാരക്കസേര ഉറപ്പിക്കാനുള്ള ബഡ്‌ജറ്റാണെന്ന പ്രതിപക്ഷ ആരോപണം ധനമന്ത്രി നിർമല സീതാരാമൻ തള്ളി. പത്ത് മുപ്പത് പാർട്ടികൾ കൂടിയിട്ടും 230 സീറ്റ് തികയ്‌ക്കാൻ കഴിയാത്ത ഇന്ത്യാസഖ്യത്തിന് അതേപ്പറ്റി പറയാൻ അവകാശമില്ലെന്നായിരുന്നു നിർമല സീതാരാമന്റെ പ്രതികരണം. ബഡ്‌ജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ല എന്നതുകൊണ്ട് ആ സംസ്ഥാനങ്ങൾക്ക് വിഹിതം നൽകിയിട്ടില്ലെന്ന് പറയാനാകില്ല. ബഡ്‌ജറ്റിന്റെ പൂർണ വിവരങ്ങൾ പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ധനമന്ത്രി പറഞ്ഞു.