ബഡ്‌ജറ്റിൽ പേരുപോലുമില്ല, മോദി വിളിച്ചുചേർക്കുന്ന യോഗം ബഹിഷ്‌കരിക്കാൻ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ

Wednesday 24 July 2024 12:20 PM IST

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ബഡ്‌ജറ്റ് കടുത്ത വിവേചനപരമെന്ന് ആരോപിച്ച് നിതി അയോഗ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി മുഖ്യമന്ത്രിമാർ. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗം ബഹിഷ്‌കരിക്കുക. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനുമാണ് യോഗം ബഹിഷ്‌കരിക്കുക.

കോൺഗ്രസ് മുഖ്യമന്ത്രിമാർ വിവേചനപരമായ ബഡ്‌ജറ്റിൽ പ്രതിഷേധിച്ച് നിതി അയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. അങ്ങേയറ്റം അപകടകരവും ഫെഡറലിസത്തിനും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണ് ബഡ്‌ജറ്റെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

ബഡ്‌ജറ്റിൽ തമിഴ്‌നാടിനോട് ഏറ്റവും വലിയ വഞ്ചനയാണ് ചെയ്‌തതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ പറഞ്ഞു. തമിഴ്‌നാടിന്റെ ആവശ്യങ്ങൾ നിരന്തരം നിഷേധിച്ച കേന്ദ്രസർക്കാരിന്റെ ധനനയത്തെയും ലഭിച്ച വിഹിതത്തിലെ കുറവിലും സ്‌റ്റാലിൻ അതൃപ്‌തി പ്രകടിപ്പിച്ചു.സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ബഡ്‌ജറ്റ് പരാജയപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഡ്‌ജറ്റിൽ കർഷകരോട് വലിയ അനീതിയാണ് കാട്ടിയതെന്നും സർക്കാരിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആന്ധ്രയ്‌ക്കും ബീഹാറിനും പുറത്തേക്ക് മോദി നോക്കിയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബഡ്‌ജറ്റിൽ കർഷകരെ കേട്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നിതി അയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിന് അർത്ഥമില്ല. ഇന്ന് രാവിലെ 10.30ഓടെ പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.