അർജുന്റെ ട്രക്ക് നദിക്കടിയിൽ കണ്ടെത്തി; സ്ഥിരീകരിച്ച് മന്ത്രി, ഉടൻ പുറത്തെടുക്കും
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുന്റെ ട്രക്ക് നദിക്കടിയിൽ കണ്ടെത്തി. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചു. ഇത് ബൂം എസ്കവേറ്റർ ഉപയോഗിച്ച് ഉടൻ പുറത്തെടുക്കും. പുഴയോരത്തുനിന്ന് ഇരുപതുമീറ്ററോളം മാറിയാണ് ട്രക്ക് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ട്രക്ക് നദിയിൽ നിന്ന് പുറത്തെടുക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കാർവാർ എസ്‌പിയും അറിയിച്ചു.
ഡീപ് സെർച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്. തിരച്ചിലിനിടെ പുഴയുടെ അടിഭാഗത്തുനിന്ന് ലോറി കണ്ടെത്തിയെന്നാണ് മന്ത്രി പറയുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ രാത്രിയും പരിശോധന തുടരും. പ്രദേശത്ത് ഇപ്പോൾ ശക്തമായ മഴയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നേരത്തേ അർജുന്റെ ലോറിയിൽ തടികൾ കെട്ടാൻ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന കയറുകൾ കണ്ടെത്തിയിരുന്നു. ഇതിനടുത്ത് ലോഹ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. മൺകൂനയിൽ നിന്നാണ് കയർ കണ്ടെത്തിയത്. കെട്ടിയ കയർ അഴിഞ്ഞുകിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. 300ഓളം മരക്കഷ്ണങ്ങളാണ് ലോറിയിൽ ഉണ്ടായിരുന്നത്. മരക്കഷ്ണങ്ങൾ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
വളരെ സൂക്ഷിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. താഴെ നിന്ന് മണ്ണ് എടുക്കുമ്പോൾ മുകളിൽ നിന്ന് വീണ്ടും ഇടിയാൻ സാദ്ധ്യതയുണ്ട്. ശക്തമായ യന്ത്രങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ മണ്ണിയിടിയാൻ സാദ്ധ്യതയുണ്ടെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴ കൂടിയാകുമ്പോൾ മണ്ണിയിടിയാനുള്ള സാദ്ധ്യത ഏറെയാണ്.