വമ്പനൊരു ഛിന്നഗ്രഹം നാളെ ഭൂമിക്കരികിലൂടെ വരുന്നു, ജാഗ്രതാ നിർദ്ദേശവുമായി നാസ

Wednesday 24 July 2024 4:57 PM IST

ഭൂമിക്കരികിലേക്ക് വലിയൊരു ഛിന്നഗ്രഹം കടന്നുവരുന്നതായി സൂചന നൽകി നാസ. 2011 എംഡബ്ളിയു 1 എന്ന ഛിന്നഗ്രഹമാണ് മണിക്കൂറിൽ 28,946 കിലോമീറ്റർ വേഗതയിൽ ഭൂമിക്കരികിലൂടെ കടന്നുവരുന്നത്. വലിയൊരു കപ്പലിന്റത്ര വലിപ്പം ഇതിനുണ്ട്. 380 അടിയാണ് നാസ കണക്കാക്കിയ വലിപ്പം. നാസ പുറത്തുവിടുന്ന വിവരമനുസരിച്ച് ഭൂമിയിൽ നിന്ന് 2.4 മില്യൺ മൈൽ അകലത്തിലാണ് ഛിന്നഗ്രഹം പോകുക.

ഭൂമിയുടെ ഭ്രമണപഥത്തിന് വളരെയരികിലൂടെയാണ് 2011 എംഡബ്ളിയു 1 1ന്റെ സഞ്ചാരപാത. നിയർ എർത് അസ്ട്രോയിഡ് (എൻഇഎ) എന്ന വിഭാഗത്തിലാണ് ഛിന്നഗ്രഹത്തെ പെടുത്തിയിരിക്കുന്നത്. എന്നാൽ ഭൂമിയ്ക്ക് വളരെ അപകടം ഉണ്ടാക്കുന്ന വിഭാഗം ഛിന്നഗ്രഹമല്ല ഇതെന്ന് നാസയിലെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

സൗരയൂഥത്തിന്റെ രൂപീകരണ കാലത്തെ അവശിഷ്‌ടങ്ങളായ ചെറു ഗ്രഹങ്ങളാണ് ഛിന്നഗ്രഹങ്ങൾ. സാധാരണ ഗ്രഹങ്ങളെ വച്ചുനോക്കിയാൽ ഇവ വളരെ ചെറുതാണ്. ചൊവ്വയ്‌ക്കും വ്യാഴത്തിനുമിടയിലെ ഛിന്നഗ്രഹ ബെൽറ്റിലാണ് മിക്ക ഛിന്നഗ്രഹങ്ങളെയും കാണാനാകുക. ഇവ സൂര്യനെ ചുറ്റുന്നവയുമാണ്. സോളാർസിസ്‌റ്റം ഡൈവാമി‌ക്‌സ് വെബ്‌സൈറ്റ് അനുസരിച്ച് ഈവ‌ർഷം ജൂലായ് മാസംവരെ 1385217 ഛിന്നഗ്രഹങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. സൗരയൂഥം രൂപീകരിച്ചതിനെക്കുറിച്ച് ഉൾക്കാഴ്‌ച നൽകുന്നതാണ് ഇവയെക്കുറിച്ചുള്ള പഠനം.

കഴിഞ്ഞയാഴ്‌ചയും ഭൂമിക്ക് സമീപത്തുകൂടി ഒരു വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം കടന്നുവരുന്നതായി കണ്ടെത്തിയിരുന്നു. മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗത്തിലായിരുന്നു ഇതിന്റെ സഞ്ചാരം. വരുന്ന 89 ദിവസങ്ങളിൽ ഭൂമിക്ക് അരികിലേക്കെത്തുന്ന ഏറ്റവും വലിയ ഈ ഛിന്നഗ്രഹത്തിന് 2024 എൻഎഫ് എന്നാണ് പേര് നൽകിയിരിക്കുന്നത്. 220 അടി, അതായത് 67 മീറ്റർ വ്യാസമുള്ള 2024 എൻഎഫ് ജൂലൈ 17നാണ് ഭൂമിക്ക് ഏറ്റവും അരികിലെത്തുക. 30 ലക്ഷം മൈലായിരിക്കും (4828032 കിലോമീറ്റർ) ഈസമയം ഭൂമിയും ഛിന്നഗ്രഹവും തമ്മിലുള്ള അകലം എന്ന് നാസയുടെ ജെറ്റ് പ്രോപ്പൽഷൻ ലബോററ്ററി ഡാറ്റ പറയുന്നു.

Advertisement
Advertisement