'ഇങ്ങനെയെങ്കിൽ നിങ്ങൾ ഒറ്റപ്പെടും', മുന്നറിയിപ്പുമായി എം കെ സ്റ്റാലിൻ
ചെന്നൈ: ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എതിരാളികളെ ഇല്ലാതാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ബി ജെ പി ഒറ്റപ്പെടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നൽകി. കേന്ദ്ര ബഡ്ജറ്റിൽ പ്രതിപക്ഷ പാർട്ടികളെ അവഗണിച്ചെന്ന വിമർശനം ഉയരുന്നതിനിടെയാണ് സ്റ്റാലിന്റെ വിമർശനം.
'തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി നമ്മൾ രാജ്യത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. കേന്ദ്ര ബഡ്‌ജറ്റ് നിങ്ങളുടെ ഭരണത്തെ സംരക്ഷിച്ച് നിറുത്തും. പക്ഷേ രാജ്യത്തെ രക്ഷിക്കില്ല. സർക്കാരിനെ ലക്ഷ്യബോധത്തോടെ നയിക്കൂ. അല്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെടും' , സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടം, സമാനമായ നിലയിൽ കോയമ്പത്തൂരിലെ വികസനപദ്ധതി തുടങ്ങിയവയ്ക്കായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ചെന്നൈയിലെയും തെക്കൻ ജില്ലകളിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാനം 37000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചത് 276 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിനായുള്ള പ്രത്യേക പദ്ധതികളെക്കുറിച്ചും ബഡ്‌ജറ്റിൽ പരാമർശമില്ല. തമിഴ്‌നാട് ബീഹാറിനെക്കാൾ പത്ത് മടങ്ങ് കൂടുതൽ നികുതി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നു. എന്നിട്ടും തമിഴ്‌നാടിനെ അവഗണിക്കുകയാണെന്ന് ഡി.എം.കെ കുറ്റപ്പെടുത്തി.
അതേസമയം മൂന്നാം മോദി സർക്കാരിന്റെ ബഡ്‌ജറ്റ് കടുത്ത വിവേചനപരമെന്ന് ആരോപിച്ച് നിതി ആയോഗ് യോഗം നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. . ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനുമാണ് യോഗം ബഹിഷ്‌കരിക്കുക. യോഗം ബഹിഷ്‌കരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വ്യക്തമാക്കി. അങ്ങേയറ്റം അപകടകരവും ഫെഡറലിസത്തിനും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണ് ബഡ്‌ജറ്റെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
.ബഡ്‌ജറ്റിൽ കർഷകരോട് വലിയ അനീതിയാണ് കാട്ടിയതെന്നും സർക്കാരിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആന്ധ്രയ്‌ക്കും ബീഹാറിനും പുറത്തേക്ക് മോദി നോക്കിയില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ബഡ്‌ജറ്റിൽ കർഷകരെ കേട്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നിതി ആയോഗിന്റെ യോഗത്തിൽ പങ്കെടുക്കുന്നതിന് അർത്ഥമില്ല.