കനത്ത മഴയും കാറ്റും, ഗംഗാവലിയില്‍ കുത്തൊഴുക്ക്; അര്‍ജുന്റെ ട്രക്ക് 20 അടി താഴ്ചയില്‍

Wednesday 24 July 2024 6:51 PM IST

അംഗോല: ഷിരൂരില്‍ കനത്ത മഴയും കാറ്റും തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു. ഗംഗാവലി പുഴയിലെ ജലനിരപ്പ് ഉയരുകയാണ്. കുത്തൊഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, കാണാതായ ട്രക്കിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്, എന്നാല്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്ന നേവിയുടെ ബോട്ടുകള്‍ കരയിലേക്ക് അടുപ്പിച്ചു.

കരയില്‍ നിന്ന് 20 മീറ്റര്‍ മാറി 15 അടി താഴ്ചയിലാണ് അര്‍ജുന്റെ ട്രക്കിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിച്ച വലിയ ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനുപിന്നാലെയാണ് ട്രക്കിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ലോറി പുഴയില്‍ നിന്ന് എടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനുള്ള സാഹചര്യം പരിശോധിക്കാന്‍ മൂന്ന് ബോട്ടുകളില്‍ നാവികസേനാംഗങ്ങള്‍ സ്ഥലത്തേക്ക് നീങ്ങിയെങ്കിലും കനത്ത ഒഴുക്കുകാരണം മുന്നോട്ടുപോകാനായില്ല.

30 അടി താഴ്ചയുള്ള പുഴയാണ് ഗംഗാവലിയെന്നും അടിയൊഴുക്ക് ഉള്ള സ്ഥലമാണെന്നും പ്രദേശവാസികള്‍ പറയുന്നു. വിദഗ്ദ്ധ പരിശീലനം ലഭിച്ച ഡൈവര്‍മാര്‍ക്ക് പോലും ഇത്രയും ആഴത്തില്‍ അടിയൊഴുക്കുള്ള സമയത്ത് ഇറങ്ങി പരിശോധിക്കുന്നത് പ്രായോഗികമായ കാര്യമല്ല.അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തിയത് നേരത്തെ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പൊലീസും സ്ഥിരീകരിച്ചു. ഇത് ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഉടന്‍ പുറത്തെടുക്കും.

ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കാര്‍വാര്‍ എസ്പിയും അറിയിച്ചു.നേരത്തേ അര്‍ജുന്റെ ലോറിയില്‍ തടികള്‍ കെട്ടാന്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന കയറുകള്‍ കണ്ടെത്തിയിരുന്നു. ഇതിനടുത്ത് ലോഹ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. മണ്‍കൂനയില്‍ നിന്നാണ് കയര്‍ കണ്ടെത്തിയത്. കെട്ടിയ കയര്‍ അഴിഞ്ഞുകിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. 300ഓളം മരക്കഷ്ണങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മരക്കഷ്ണങ്ങള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

വളരെ സൂക്ഷിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. താഴെ നിന്ന് മണ്ണ് എടുക്കുമ്പോള്‍ മുകളില്‍ നിന്ന് വീണ്ടും ഇടിയാന്‍ സാദ്ധ്യതയുണ്ട്. ശക്തമായ യന്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ മണ്ണിടിയാന്‍ സാദ്ധ്യതയുണ്ടെന്ന് നേരത്തേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന ശക്തമായ മഴ കൂടിയാകുമ്പോള്‍ മണ്ണിയിടിയാനുള്ള സാദ്ധ്യത ഏറെയാണ്.

Advertisement
Advertisement