പച്ചക്കറിക്കും ഇറച്ചിക്കും വിലക്കയറ്റം രൂചി കൂടി കൂൺ വിഭവങ്ങൾ

Thursday 25 July 2024 3:32 AM IST

ആറ്റിങ്ങൽ: പച്ചക്കറിക്കും ഇറച്ചിക്കും മീനിനും വില കൂടിയതോടെ സാധാരണക്കാരുടെ ഊണുമേശയിൽ ഇടംനേടി കൂൺ വിഭവങ്ങൾ. പോഷകസമ്പന്നമായ കൂണുകൾക്ക് ഇന്ന് ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ആവശ്യക്കാരേറെയാണ്. മികച്ച വരുമാനം കിട്ടുന്ന സംരംഭമെന്ന നിലയിൽ യുവാക്കൾക്കിടയിലും സ്ത്രീകൾക്കിടയിലും കൂൺകൃഷിക്ക് പ്രചാരണമേറുന്നുണ്ട്. കൂൺകൃഷി ചെയ്യാൻ അധികം സ്ഥലം വേണ്ട എന്നുള്ളതും കർഷകരെ തുണയ്ക്കുന്നുണ്ട്. കൂണിൽ നിന്ന് ഒട്ടേറെ മൂല്യവർദ്ധന ഉത്പന്ന സാദ്ധ്യതകളുമുണ്ട്.

ഗുണങ്ങൾ

നല്ല അളവിൽ നാരുകളും പ്രോട്ടീനുമടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂണുകൾ. അതിനാൽ തീൻമേശകളിൽ ഡയറ്റ് ഭക്ഷണക്രമത്തിൽ കൂണിന് മുഖ്യസ്ഥാനമുണ്ട്.

അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ

ബി.കോംപ്ലക്സുകളായ നിയാസിൻ,റൈബോഫ്ലാവിൻ, പാൻറോത്തെനിക് ആസിഡ്.വിറ്റാമിൻ-ഡി.പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്

ധാതു സമ്പുഷ്ടം

100 ഗ്രാം ചിപ്പിക്കൂണിൽ ആറുഗ്രാം അന്നജം,മൂന്നുഗ്രാം പ്രോട്ടീൻ, 0 കൊളസ്ട്രോൾ ആൻഡ് ട്രാൻസ്‌ഫാറ്റ്,രണ്ടു ഗ്രാം നാരുകൾ,18 മില്ലിഗ്രാം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

സംരംഭം

വളരെ കുറഞ്ഞ മുതൽമുടക്കിൽ കുറഞ്ഞ കാലയളവിൽ കൂടുതൽ വരുമാനം ലഭിക്കുന്ന സംരംഭമാണ് കൂൺകൃഷി. അധികം സ്ഥലം ആവശ്യമില്ല.വീട്ടമ്മമാർക്കും യുവാക്കൾക്കും ഒരു പരിശീലനം ലഭിച്ചാൽ ആർക്കും കൂൺ കൃഷി ചെയ്യാം.

മൂല്യവർദ്ധിത ഉത്പന്നങ്ങൾ

സൂപ്പ് പൊടി,കാപ്പിപ്പൊടി,കട്ട്ലറ്റ്,ബിസ്കറ്റ്,കെച്ചപ്പ് തുടങ്ങിയ ഉത്പന്നങ്ങളും കൂണിൽനിന്ന് തയ്യാറാക്കാം.

കൂൺ ഇനങ്ങൾ

ചിപ്പിക്കൂൺ,പാൽക്കൂൺ,ബട്ടൺ കൂൺ എന്നിവയാണ് വിപണിയിൽ ലഭ്യമായിട്ടുള്ളത്.ഇതിൽ ചിപ്പിക്കൂണാണ് വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ അനുയോജ്യം. ലളിതമായ വളർത്തൽ രീതി,ഉയർന്ന ഉത്പാദനക്ഷമത,സൂക്ഷിപ്പുകാലം കൂടുതൽ എന്നിവയാണ് ചിപ്പിക്കൂണിനെ മറ്റിനങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്.

വെള്ളായണി കാർക്ഷിക കോളേജിൽ കൂൺ കൃഷി പ്രോത്സാഹിപ്പിക്കാൻ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംരംഭകർക്ക് എല്ലാ മാസവും ട്രെയിനിംഗ് ക്ലാസ്, 50 രൂപയ്ക്ക് 300 ഗ്രാം കൂൺ വിത്ത് എന്നിവ നൽകുന്നുണ്ട്

സഫീർ,അസിസ്റ്റന്റ് പ്രൊഫസർ,

വെള്ളായണി കാർഷിക കോളേജ്

Advertisement
Advertisement