വണ്ടിക്കൂലിയ്ക്ക് പൈസയില്ലെന്ന്, ശരീരത്തിൽ ഒളിപ്പിച്ചത് രണ്ട് ലക്ഷം എസ്.ഐയുടെ സംശയം കുടുക്കിയത് തുണിക്കട മോഷ്ടാവിനെ
തൊടുപുഴ: പൊലീസ് പട്രോളിംഗിനിടെ അസ്വാഭാവികത തോന്നി വഴിപോക്കനെ ചോദ്യം ചെയ്തപ്പോൾ കുടുങ്ങിയത് മണിക്കൂറുകൾ മുമ്പ് നഗരത്തിലെ തുണിക്കടയിൽ കവർച്ച നടത്തിയ മോഷ്ടാവ്. തൊടുപുഴ കോതായിക്കുന്ന് ബൈപ്പാസ് റോഡിലെ വസ്ത്ര വ്യാപാരശാലയുടെ പൂട്ട് തകർത്ത് രണ്ട് ലക്ഷം രൂപയിലേറെ കവർന്ന തമിഴ്നാട് വിരിയൂർ പഴയന്നൂർ കോളിനി സ്വദേശി നോർത്ത് സ്ട്രീറ്റ് ഹൗസ് നമ്പർ- 24 വീട്ടിൽ രാധാകൃഷ്ണനാണ് (59) പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ തൊടുപുഴ എസ്.ഐ കെ.ഇ. നജീബിന്റെ നേതൃത്വത്തിൽ വെങ്ങല്ലൂർ ഷാപ്പുംപടി ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ തൊടുപുഴ ടൗൺ ഭാഗത്ത് നിന്ന് ഒരാൾ നടന്നുവരുന്നത് എസ്.ഐ ദൂരെ നിന്ന് കണ്ടു. അടുത്തെത്താറയപ്പോൾ പൊലീസ് വാഹനം കണ്ട് ഇയാൾ തിരിഞ്ഞു നടന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് സംഘം വാഹനമെടുത്ത് ഇയാളുടെ സമീപത്തെത്തി. ഈ സമയത്ത് നടന്ന് എവിടേക്ക് പോവുകയാണെന്ന് പൊലീസ് ചോദിച്ചു. രണ്ട് ദിവസം മുമ്പ് ഏഴല്ലൂരിൽ ചായക്കടയിൽ പണിയ്ക്ക് വന്നതാണെന്നും ജോലി ഇഷ്ടപ്പെടാത്തതിനാൽ തമിഴ്നാട്ടിലേക്ക് തിരികെ പോവുകയാണെന്നും പറഞ്ഞു. എന്നിട്ട് ബസിൽ പോകാതെ എന്താണ് നടക്കുന്നതെന്ന് ചോദിച്ചപ്പോൾ വണ്ടിക്കൂലിയ്ക്ക് പണമില്ലെന്നായിരുന്നു മറുപടി. വീർത്തിരിക്കുന്ന ഷർട്ടിന്റെ പോക്കറ്റ് കണ്ട് എസ്.ഐ നജീബ് തപ്പി നോക്കിയപ്പോൾ അമ്പതും നൂറും അഞ്ഞൂറും നോട്ടുകളായി അയ്യായിരം രൂപയോളം കിട്ടി. തുടർന്ന് സി.പി.ഒ.മാരായ ബേസിൽ, നഹാസ്, രതീഷ് എന്നിവരുടെ സഹായത്തോടെ ഇയാളെ വിശദമായി പരിശോധിച്ചു. അപ്പോൾ അടിവസ്ത്രത്തിന്റെ പോക്കറ്റിൽ അടുക്കിവച്ചിരുന്ന രണ്ട് ലക്ഷം രൂപയും കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തിങ്കളാഴ്ച രത്രി പന്ത്രണ്ടോടെയാണ് കോതായിക്കുന്ന് റോഡിൽ കല്യാണ വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ ഇയാൾ മോഷണം നടത്തിയത്. ഗ്ലാസ് ഡോറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ ഇയാൾ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 206030 രൂപയാണ് കൈക്കലാക്കിയത്. തുടർന്ന് നാട് വിടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ മുന്നിലകപ്പെട്ടത്. ഇയാളെ തുണിക്കടയിൽ എത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.