ടൗണുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന: എം.ഡി.എം.എയുമായി രണ്ടു പേർ  അറസ്റ്റിൽ

Thursday 25 July 2024 1:04 AM IST

പെരിന്തൽമണ്ണ: രണ്ടു കേസുകളിലായി 17 ഗ്രാമോളം എം.ഡി.എം.എയുമായി മഞ്ചേരി പട്ടർകുളം സ്വദേശി അത്തിമണ്ണിൽ മുഹമ്മദ് അനീസ് (28), പന്തല്ലൂർ സ്വദേശി മുട്ടങ്ങാടൻ മുഹമ്മദ് ഷിബിൽ (26) എന്നിവർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ പെരിന്തൽമണ്ണ ടൗണിലെ ഓട്ടോഡ്രൈവറാണ് തന്റെ ഓട്ടോയിൽ കയറിയ ഒരാളുടെ ബാഗ് മറന്നുവച്ചതായി പൊലീസ് സ്റ്റേഷനിൽ വിവരം നൽകിയത്. പൊലീസ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്നും തിരിച്ചറിയൽ രേഖകളും ലഹരിമരുന്നിന്റെ പായ്ക്കറ്റുകളും ലഭിച്ചു. ഓട്ടോഡ്രൈവറിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഓട്ടോയിൽ യാത്രചെയ്ത മുഹമ്മദ് അനീസിനെ ടൗണിൽ വച്ച് രാത്രിയിൽ തന്നെ കസ്റ്റഡിയിലെടുത്തു.
രാത്രിയിൽ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ലോഡ്ജ് പരിസരത്ത് നിന്നും മുഹമ്മദ് ഷിബിലിനെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്തതിൽ മുഹമ്മദ് അനീസും മുഹമ്മദ് ഷിബിലും എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി ടൗണുകൾ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തുന്നതെന്ന് മനസ്സിലായി. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് വിവരം ലഭിച്ചു. മുഹമ്മദ് അനീസ് മങ്കട പൊലീസ് സ്റ്റേഷനിലും തലശ്ശേരി എക്‌സൈസിലും എം.ഡി.എം.എ കേസിൽ പ്രതിയായി മൂന്ന് മാസം ജയിലിൽ കിടന്നിട്ടുണ്ട്. നിലവിൽ ജാമ്യത്തിലിറങ്ങിയതാണ്. മുഹമ്മദ് ഷിബിലിന്റെ പേരിലും മുൻപ് കഞ്ചാവ് കേസുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഡിവൈ.എസ്‌.പി സാജു കെ.എബ്രഹാം,​ സി.ഐ. സുമേഷ് സുധാകരൻ , എസ്.ഐ.ഷിജോ സി.തങ്കച്ചൻ, അഡീഷണൽ എസ്.ഐ. സെബാസ്റ്റ്യൻ രാജേഷ്, കൃഷ്ണപ്രസാദ്, സജീർ, മുരളീകൃഷ്ണദാസ് എന്നിവരും ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ തുടരന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Advertisement
Advertisement