ആരോഗ്യ ജീവനക്കാർക്കെതിരെ അറവുശാല ഉടമ വധഭീഷണി മുഴക്കി

Thursday 25 July 2024 1:07 AM IST

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലന സ്‌ക്വാഡിന് നേരെ അണ്ടിക്കമ്പനിക്ക് സമീപം മത്സ്യ - അറവുശാല ഉടമ ആയുധവുമായി വധഭീഷണി മുഴക്കി. കൊടുകുത്തുമല സ്വദേശി ഫൈസലിനെ (45)തിരെ ആലുവ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹെൽത്ത് കേരള ഇൻസ്‌പെക്ഷനിടെയാണ് സംഭവം. സ്ഥാപനത്തിന്റെ നിയമപരമായ രേഖകൾ ഇന്ന് രാവിലെ ആരോഗ്യ വിഭാഗം ഓഫീസിൽ ഹാജരാക്കാൻ നിർദ്ദേശിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ സിറാജിന്റെ നേതൃത്വത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടുന്ന നാലംഗ സംഘം തിരികെ വാഹനത്തിൽ കയറുമ്പോഴാണ് ഫൈസൽ പ്രകോപിതാനായി ആയുധങ്ങളുമായെത്തി ഭീഷണി മുഴക്കിയത്. വാഹനത്തിന്റെ ബോണറ്റിൽ ആഞ്ഞടിച്ച ശേഷം കത്തിക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പിന്നീട് പൊതുപ്രവർത്തകരെത്തി ഇയാളെ പിടിച്ചുമാറ്റി.

ഉദ്യോഗസ്ഥരുടെ പരാതിയിലാണ് കേസ്.

മത്സ്യ - മാംസം വില്പനശാലയിൽ കഴിഞ്ഞ മാസം 16ന് ആരോഗ്യ വിഭാഗം പരിശോധന നടത്തി അറവുശാലയ്ക്ക് ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത് കാർഡുമില്ലാതത്തിനെ തുടർന്ന് നോട്ടീസ് നൽകിയിരുന്നു. ഒരു മാസത്തിന് ശേഷം ഇന്നലെ വീണ്ടും എത്തിയപ്പോഴും ലൈസൻസുണ്ടായില്ല.

ഹെൽത്ത് ഇൻസ്പെക്ടർക്ക് പുറമെ ജെ.എച്ച്‌.ഐമാരായ എം.എം. സക്കീർ, എസ്.എസ്. രേഖ, കെ.ബി. ശബ്‌ന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കേസെടുത്തതായി ആലുവ പൊലീസ് അറിയിച്ചു.

Advertisement
Advertisement