'ആ സീന്‍ ഒന്നുകൂടി എടുക്കാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു, പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ മാറി നിന്നു', വെളിപ്പെടുത്തി ഉര്‍വശി

Wednesday 24 July 2024 8:11 PM IST

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ല്‍ അധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രമായാലും അതിന്റേതായ പൂര്‍ണതയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെയുള്ള താരമാണ് ഉര്‍വശി. ഈ കഴിവ് തന്നെയാണ് ഇന്നും താരത്തെ മലയാളികളുടെ പ്രിയപ്പെട്ട നായികയാക്കി മാറ്റുന്നതും. 45 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരു ദേശീയ അവാര്‍ഡ് കരസ്ഥാമാക്കിയ താരത്തെ തേടി ഏഴ് തവണയാണ് സംസ്ഥാന അവാര്‍ഡ് എത്തിയത്.

ഏറ്റവും ഒടുവിലായി അഭിനയിച്ച ഉള്ളൊഴുക്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. തമിഴകത്തിന്റെ ഉലകനായകന്‍ കമല്‍ ഹാസനൊപ്പം നിരവധി സിനിമകളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. 'മൈക്കിള്‍ മദന കാമരാജ്' എന്ന സിനിമയില്‍ കമല്‍ ഹാസനോടൊപ്പം അഭിനയിച്ച ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫില്‍മി ബീറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അവര്‍ തന്റെ അനുഭവം സംബന്ധിച്ച് മനസ് തുറന്നത്.

''കമല്‍ ഹാസനോടൊപ്പം അഭിനയിച്ച പല കോമ്പിനേഷന്‍ സീനുകളിലും വളരെ അധികം ബുദ്ധിമുട്ടി. ഒരു സീനില്‍ റിഹേഴ്‌സല്‍ പോലും നോക്കാതെ പെട്ടെന്ന് ടേക്ക് പോയപ്പോള്‍ ഞെട്ടിപ്പോയി. എങ്ങോട്ടാണ് നോക്കേണ്ടതെന്നോ ഏത് ആങ്കിളില്‍ ആണ് ക്യാമറ വച്ചിരിക്കുന്നതെന്നൊ അറിയില്ലായിരുന്നു. വെപ്രാളത്തിലാണ് ആ സീന്‍ ചെയ്തത്. ഷോട്ട് കഴിഞ്ഞപ്പോള്‍ തന്റെ പെര്‍ഫോമെന്‍സിന് ഒപ്പം എത്താന്‍ കഴിയാതിരുന്ന കമല്‍ ഒരുതവണ കൂടി എടുക്കാമെന്ന് പറഞ്ഞെങ്കിലും അത് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ മാറി നിന്നു''. - ഉര്‍വശി പറഞ്ഞു.

''ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ വളരെ ചെറുപ്പായിരുന്നു. കമല്‍ ഹാസന്റെ പ്രകടനത്തിന് ഒപ്പം പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടി, ഡയലോഗ് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ടേക്ക് പോകാമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ പേടിച്ചു. വെപ്രാളപ്പെട്ട് ആ സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ കള്ളീ ഒന്നും പഠിച്ചില്ലെന്ന് പറഞ്ഞ് പറ്റിച്ചു അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. എന്നേക്കാള്‍ നന്നായി ചെയ്തല്ലോ ഒന്നൂടെ പോകാം എന്ന് പറഞ്ഞപ്പോള്‍ ആണ് പറ്റില്ലെന്ന് പറഞ്ഞ് മാറി നിന്നത്. ആദ്യത്തെ തവണ ആ സീന്‍ ചെയ്തതിന്റെ ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയുള്ളൂ''.- ഉര്‍വശി കൂട്ടിച്ചേര്‍ത്തു.