നീറ്റ് വിധിയിൽ ആശ്വാസം

Thursday 25 July 2024 2:29 AM IST

ഒരു മാസത്തിലേറെയായി അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷാഫലത്തെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയോടെ അറുതിയായിരിക്കുന്നു. ഇരുപത്തിമൂന്നു ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള നിരവധി ക്രമക്കേടുകളെക്കുറിച്ച് വ്യാപകമായ പരാതിയുയർന്ന സാഹചര്യത്തിലാണ് പരമോന്നത കോടതിക്കു മുന്നിൽ വിഷയം എത്തിയത്. മേയ് മാസം നടന്ന നീറ്റ് പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന ആവശ്യവും ശക്തമായിരുന്നു. ഏതായാലും വിഷയം അതീവ ഗൗരവത്തോടെ പരിഗണിച്ച കോടതി പുനഃപരീക്ഷയുടെ ആവശ്യം ഉദിക്കുന്നില്ലെന്നാണ് വിധിയെഴുതിയിരിക്കുന്നത്. ചോദ്യപേപ്പർ വ്യാപകമായി ചോർന്നുവെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുപോലെ,​ പരീക്ഷാഫലത്തിൽ ക്രമക്കേട് നടന്നുവെന്ന ആക്ഷേപങ്ങൾക്കും മതിയായ തെളിവുകളൊന്നുമില്ല.

23 ലക്ഷത്തിൽപ്പരം കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമെന്ന നിലയ്ക്ക് ഇനിയൊരു പുനഃപരീക്ഷ ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് വിലയിരുത്തിയത്. ജൂൺ നാലിന് പുറത്തുവന്ന നീറ്റ് പരീക്ഷാ ഫലത്തിനു പിന്നാലെയാണ് ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും പരാതികളുയർന്നത്. നീറ്റ് കോച്ചിംഗ് വൻ വ്യവസായമാക്കിയ ചില സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും ക്രമക്കേടുകൾ ആരോപിക്കപ്പെട്ടത്. പരീക്ഷാ നടത്തിപ്പു ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെയും ശക്തമായ ആക്ഷേപമുയർന്നു. ബീഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചോദ്യചോർച്ചയും ക്രമക്കേടുകളും അധികം നടന്നതെന്നും പരാതി ഉയർന്നിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.ഐ ചോദ്യചോർച്ചയുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാറിലും ജാർഖണ്ഡിലും മറ്റും അൻപതുലക്ഷം രൂപ വരെ വാങ്ങി ചോദ്യക്കടലാസ് വിറ്റ സംഭവങ്ങൾ സി.ബി.ഐ കണ്ടെത്തിയിരുന്നു.

സുപ്രീംകോടതിയുടെ വിധി പുറത്തുവന്നത് കഠിനാദ്ധ്വാനത്തിലൂടെ വിജയം ഉറപ്പാക്കിയ പതിനായിരക്കണക്കിന് കുട്ടികൾക്ക് ആശ്വാസം നൽകുമെന്നു തീർച്ച. എന്നാൽ ജൂൺ നാലിന് പുറത്തുവന്ന റാങ്ക് ലിസ്റ്റ് പാടേ മാറിമറിയാനിടയാക്കുന്നതാണ് ഫിസിക്സ് വിഭാഗത്തിലെ പത്തൊൻപതാമതു ചോദ്യത്തിനുള്ള ഉത്തരത്തിൽ കോടതി നിർദ്ദേശിച്ച മാറ്റം. ഈ ചോദ്യത്തിന് നൽകിയിരുന്ന ഓപ്‌ഷനുകളിൽ രണ്ടെണ്ണം ഒരുപോലെ ശരിയെന്ന നിലയിലാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ നാലാം ഓപ്‌ഷനാണ് ശരിയായി എടുക്കേണ്ടതെന്ന്,​ ഡൽഹി ഐ.ഐ.ടിയുടെ വിദഗ്ദ്ധ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് തെറ്റായ ഉത്തരം രേഖപ്പെടുത്തിയിരുന്ന നാലുലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് അഞ്ചു മാർക്ക് നഷ്ടമാകും. റാങ്ക് പട്ടികയിൽ അടിമുടി മാറ്റമാകും ഇതുമൂലം സംഭവിക്കുക. സ്കോറിൽ അഞ്ചു മാർക്ക് കുറയുന്നതോടെ ഉണ്ടാകുന്ന റാങ്ക് വ്യത്യാസം പല കുട്ടികളുടെയും പ്രവേശന സാദ്ധ്യതയെ പ്രതികൂലമായി ബാധിക്കും.

റാങ്ക് പട്ടിക പുനഃക്രമീകരിച്ച് കൗൺസലിംഗ് എത്രയും വേഗം തുടങ്ങിയെങ്കിലേ ഷെഡ്യൂളുകൾ പാലിക്കാനാവൂ. അതിനുള്ള ഏർപ്പാടുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും ഇന്ത്യൻ മെഡിക്കൽ കൗൺസിലും സമയബന്ധിതമായി ചെയ്യുമെന്നു പ്രതീക്ഷിക്കാം. മെഡിക്കൽ പ്രവേശനത്തിൽ നടന്നുവന്ന ക്രമക്കേടുകൾ പരിപൂർണമായി തടയാൻ ലക്ഷ്യമിട്ടാണ് രാജ്യത്ത് മൊത്തം ബാധകമാകും വിധം ഏകീകൃത പ്രവേശന പരീക്ഷാരീതി കൊണ്ടുവന്നത്. കഴിഞ്ഞ വർഷം വരെയും ആക്ഷേപങ്ങളില്ലാതെ നടന്നിരുന്ന പരീക്ഷ ഇത്തവണ പാളം തെറ്റിയതിനു പിന്നിൽ തീർച്ചയായും കറുത്ത ശക്തികളുടെ ഇടപെടലുകൾ ഉണ്ടാകും. ലക്ഷക്കണക്കിനു കുട്ടികൾ എഴുതുന്ന ഇതുപോലുള്ള വലിയ പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും അണുവിട നഷ്ടപ്പെടാൻ ഇടയാകരുത്. അത് ഉറപ്പുവരുത്തേണ്ട വലിയ ബാദ്ധ്യത എൻ.ടി.എയ്ക്കും മെഡിക്കൽ കൗൺസിലിനും മാത്രമല്ല, കേന്ദ്ര സർക്കാരിനുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കാൻ നടന്ന ശ്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്.

Advertisement
Advertisement