പിടിയിലായ മാവോയിസ്റ്റിനെ കൊട്ടിയൂരിലെത്തിച്ച് തെളിവെടുത്തു

Wednesday 24 July 2024 10:32 PM IST

പേരാവൂർ: കൊച്ചിയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മനോജിനെ കൊട്ടിയൂരിലെ പന്നിയാംമലയിലും പേരാവൂരിലും എത്തിച്ച് തെളിവെടുത്തു.കൊട്ടിയൂരിലെ പന്നിയാംമലയിലും അമ്പായത്തോട്ടിലും മാവോയിസ്റ്റ് സംഘം മുമ്പ് പല തവണ എത്തിയിരുന്നു.

പിടിയിലാകും മുൻപ് വയനാടിൽ നിന്ന് പേരാവൂരിലെത്തിയ മനോജ് ഒരു തുണിക്കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങിയിരുന്നു.ഇതാണ് പേരാവൂരിൽ തെളിവെടുപ്പിനായി തീവ്രവാദ വിരുദ്ധ സേനയും പൊലീസ് സംഘവും മനോജുമായി എത്തിയത്.വയനാട് മക്കിമലയിൽ മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഥാപിച്ചത് കണ്ടെത്തിയതിന് പിന്നാലെ ഈയാൾ അടക്കമുള്ള മാവോസ്റ്റുകൾക്കായി എ.ടി.എസ് നിരീക്ഷണം ശക്തമാക്കിയിരുന്നു

മനോജ് കബനിദളം അംഗം
കണ്ണൂർ വയനാട് ജില്ലാകളുൾപ്പെട്ട കബനിദളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനീദളത്തിലെ അംഗമാണ് മനോജെന്ന് എ.ടി.എസ് കണ്ടെത്തിയിരുന്നു. പതിനാല് യു.എ. പി.എ കേസുകളിൽ പ്രതിയാണ് ഇദ്ദേഹം. മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാതെ മാവോയിസ്റ്റ് സംഘത്തിൽ ചേരുകയായിരുന്നു. വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ മാവോയിസ്റ്റുകളുടെ 'വാണ്ടഡ്' പട്ടികയിലുൾപ്പെട്ടയാളാണ് മനോജ് . മനോജ് അടങ്ങുന്ന 20 അംഗ സംഘത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement