കണിച്ചാറിൽ വീണ്ടും കാട്ടാന ഇറങ്ങി ഭീതി പരത്തി
കണിച്ചാർ:കണിച്ചാർ പഞ്ചായത്തിലെ അണുങ്ങോടിൽ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ മേഖലയിലെത്തിയ കാട്ടാന ഒരു മണിക്കൂറിലധികം പ്രദേശത്ത് ഭീതി പരത്തിയതായി പ്രദേശവാസികൾ പറഞ്ഞു. അണങ്ങോട് സ്വദേശിയായ കൂരമുള്ളിൽ സജി തോമസിന്റെ വീട്ടുമുറ്റത്ത് വരെ കാട്ടാന എത്തി. വീടിനു സമീപമുള്ള കാർഷിക വിളകളും റോഡിന് സമീപത്തെ പനയും മതിൽക്കെട്ടും തകർത്തശേഷമാണ് കാട്ടാന തിരിച്ചുപോയത്. സജിയും മകനും വലിയ ശബ്ദം കേട്ട് രാത്രിയിൽ വീടിന് പുറത്തിറങ്ങി നോക്കി. ടോർച്ചിന്റെ വെളിച്ചം കണ്ടപ്പോൾ കാട്ടാന തനിക്ക് നേരെ പാഞ്ഞടുക്കുയാണ് ഉണ്ടായതെന്നും തലനാരിഴക്കാണ് വലിയ അപകടം ഒഴിവായതെന്നും സജി തോമസ് പറഞ്ഞു.
രണ്ടാഴ്ച മുൻപ് അണുങ്ങോട് ഓടംതോട് ഭാഗത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വൈദ്യുത ഫെൻസിംഗിന് മുകളിൽ മരം മറിച്ചിട്ടാണ് കാട്ടാന ജനവാസ മേഖലകളിലേക്ക് എത്തുന്നത്. വീണ്ടും ജനവാസ മേഖലയിൽ കാട്ടാന എത്തിയതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ.