സുപ്രീംകോടതി ഇടപെടൽ കർഷക പ്രക്ഷോഭം: പ്രശ്‌ന പരിഹാരത്തിന് സ്വതന്ത്ര സമിതി
ന്യൂഡൽഹി: ഡൽഹി ചലോ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹരിയാന - പഞ്ചാബ് അതിർത്തിയായ ശംഭുവിൽ തമ്പടിച്ചിരിക്കുന്ന കർഷകരുടെ ആവശ്യങ്ങളിൽ ഇടപെടാൻ തീരുമാനിച്ച് സുപ്രീംകോടതി. കാർഷികവിളകൾക്ക് മിനിമം താങ്ങുവില ഉറപ്പിക്കാനുള്ള നിയമനിർമ്മാണം ഉൾപ്പെടെ കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേട്ട് പരിഹരിക്കാൻ സ്വതന്ത്ര സമിതി രൂപീകരിക്കും. സമിതി അംഗങ്ങളാക്കേണ്ടവരുടെ പേരുകൾ കൈമാറാൻ കേന്ദ്രസർക്കാരിനും പഞ്ചാബ് - ഹരിയാന സർക്കാരുകൾക്കും നിർദ്ദേശം നൽകി. ഇല്ലെങ്കിൽ കോടതി നേരിട്ട് സമിതി രൂപീകരിക്കും. ഒരാഴ്ചത്തേക്ക് ശംഭു അതിർത്തിയിൽ തത്‌സ്ഥിതി തുടരണമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ബാരിക്കേഡുകൾ നീക്കി പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് പഞ്ചാബ് - ഹരിയാന സർക്കാരുകൾ അറിയിക്കണം.
കഴിഞ്ഞ ഫെബ്രുവരി 21ന് പ്രക്ഷോഭത്തിനിടെ യുവ കർഷകൻ ശുഭ്കരൺ സിംഗ് പഞ്ചാബ് - ഹരിയാന അതിർത്തിയിലെ ഖനൗരി ബോർഡറിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട പഞ്ചാബ് - ഹരിയാന ഹൈക്കോടതിയുടെ നടപടിക്കതിരെ ഹരിയാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ശംഭു അതിർത്തി തുറന്നുകൊടുക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തെയും ചോദ്യംചെയ്‌തു. വിഷയം ഒരാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും.
വിശ്വാസനഷ്‌ടമുണ്ടായി
കർഷകർക്കും സർക്കാരുകൾക്കുമിടയിൽ ആഴത്തിലുള്ള വിശ്വാസനഷ്‌ടം സംഭവിച്ചിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കർഷകരുമായുള്ള ചർച്ചയ്‌ക്ക് കേന്ദ്രവും പഞ്ചാബ് - ഹരിയാന സർക്കാരുകളും മുൻകൈയെടുക്കണം. അങ്ങനെയെങ്കിൽ പ്രക്ഷോഭത്തിനായി ഡൽഹിയിലേക്ക് വരേണ്ട സാഹചര്യമുണ്ടാകില്ല. കേന്ദ്രമന്ത്രിമാർ ചണ്ഡിഗറിലേക്ക് ചർച്ചയ്‌ക്ക് പോയെങ്കിലും വിശ്വാസനഷ്‌ടമുണ്ടായി. സ്ഥാപിത താത്പര്യമാണ് സർക്കാരുകളെ നയിക്കുന്നതെന്ന് കർഷകർ ചിന്തിക്കുന്നു. പ്രാദേശികപ്രശ്‌നങ്ങൾ അവഗണിക്കുന്നതായും പരാതിപ്പെടുന്നു.
ക്രമസമാധാന പ്രശ്‌നം
ട്രാക്‌ടറുകളും ട്രോളികളുമായി ഡൽഹിയിലേക്ക് വരാൻ സമ്മതിച്ചാൽ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആശങ്ക അറിയിച്ചു. യുദ്ധസന്നദ്ധമായ ടാങ്കുകളെന്ന രീതിയിലാണ് 700ൽപ്പരം ട്രോളികളിൽ രൂപമാറ്റം വരുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. അംബാല - ന്യൂഡൽഹി ദേശീയപാത അനന്തമായി അടച്ചിടാകാനില്ലെന്നും കോടതി നിരീക്ഷിച്ചു.