കുപ്‌വാരയിൽ ജവാന് വീരമൃത്യു: ഭീകരനെ വധിച്ചു
ശ്രീനഗർ: ജമ്മു കാശീമിരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു.
ഭീകരനെ വധിച്ചു. വെടിവയ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
കോവട് മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. തുടർന്ന് സൈന്യവും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തു. പ്രദേശം
സൈന്യം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. 24 മണിക്കൂറിനിടെ കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ വീരമൃത്യു വരിച്ചിരുന്നു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്ര് ചികിത്സയിലായിരുന്ന ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. മണിക്കൂറുകളായി പല പ്രദേശങ്ങളിലും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരാക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ
കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞ ദിവസം മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആക്രമണങ്ങൾ നേരിടാനുള്ള നടപടികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ സമിതി യോഗം ചേർന്നിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.