കമലയ്ക്ക് പിന്തുണയേറുന്നു,​ അഭിപ്രായ സർവേയിൽ ട്രംപിനേക്കാൾ മുന്നിൽ

Thursday 25 July 2024 6:53 AM IST

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ ഡൊണാൾഡ് ട്രംപിനേക്കാൾ രണ്ടു ശതമാനം പിന്തുണ കൂടുതൽ ലഭിച്ചതോടെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയാകാൻ കമലാ ഹാരിസിന് സാദ്ധ്യതയേറി. റോയിട്ടേഴ്‌സും മറ്റൊരു ഏജൻസിയും ചേർന്ന് നടത്തിയ ഒപ്പീനിയൻ പോളിലാണ് കമലയ്ക്ക് 44 ശതമാനവും ട്രംപിന് 42 ശതമാനവും വോട്ട് വീതം ലഭിച്ചത്. എന്നാൽ മറ്റു പല സർവേകളിലും ട്രംപിന് തന്നെയാണ് മുന്നേറ്റം. ബൈഡനേക്കാൾ മുന്നിൽ നിന്നിരുന്ന ട്രംപ് ഒരു സർവേയിൽ പിന്നിൽ പോയത് ഇവിടെ മാദ്ധ്യമങ്ങൾ ആഘോഷമാക്കി. ഓഗസ്റ്റിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷൻ കമലയെ തന്നെ പ്രസിഡന്റ്‌ സ്ഥാനാർത്ഥി ആയി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബൈഡനേക്കാൾ കമല വരുന്നത് ഗുണകരമാകുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയിലെ പൊതുവികാരം. മിഷേൽ ഒബാമ വരണമെന്ന് താത്പര്യപ്പെടുന്നവർ ഉണ്ടെങ്കിലും സമയം വൈകി എന്ന നിലപാടിലാണ് അവർ.ബൈഡൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ ഉടൻ തുറന്നുപറയുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രസിഡന്റിന്റെയും മുൻ പ്രസിഡന്റുമാരുടെയും സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസസിന്റെ ഡയറക്ടർ കിമ്പർലി ചിറ്റിൾ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ട്രംപിന് നേരെ നടന്ന വധശ്രമത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായപ്പോൾ മുതൽ റിപ്പബ്ലിക്കൻസ് കിമ്പർലിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഇന്റലിജൻസ് കമ്മിറ്റിയിൽ കിമ്പർലി നിഷിധ വിമർശനം നേരിട്ടു. തുടർന്നായിരുന്നു രാജി.

Advertisement
Advertisement