ലോറിയുള്ള സ്ഥലത്തേക്ക് നാവിക സേനാംഗങ്ങൾ പുറപ്പെട്ടു; അർജുനായുള്ള പരിശോധന നിർണായക ഘട്ടത്തിൽ

Thursday 25 July 2024 11:19 AM IST

ഷിരൂർ: കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ദൗത്യം നിർണായക ഘട്ടത്തിൽ. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തേക്ക് നാവിക സേനയുടെ 15 മുങ്ങൽ വിദഗ്ദ്ധർ സംഘങ്ങളായി മൂന്ന് ഡിങ്കി ബോട്ടുകളിൽ തിരിച്ചു. ഡൈവർമാർക്ക് പുഴയിലേക്ക് ഇറങ്ങാൻ സാധിക്കുമോ എന്ന പ്രാഥമിക പരിശോധനയാണ് ഉദ്യോഗസ്ഥർ നടത്തുന്നത്. അതിശക്തമായ കുത്തൊഴുക്കാണ് പുഴയിൽ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴ കാരണം ശക്തമായ അടിയൊഴുക്കും പുഴയിലുണ്ട്.

ലോറി കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. ഉച്ചയ്‌ക്ക് 12 മണിയോടെ ഡ്രോൺ പരിശോധന ആരംഭിക്കുമെന്നാണ് വിവരം. ഡ്രോൺ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറിൽ പുഴയ്‌ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയിൽ നിന്നും കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

ഡ്രോണിന്റെ ബാറ്ററികൾ വിമാനത്തിൽ കൊണ്ടുവരാൻ സാധിക്കില്ല. അതിനാൽ, ഡൽഹിയിൽ നിന്നും രാജധാനി എക്‌സ്‌പ്രസിലാണ് ബാറ്ററികൾ എത്തിച്ചത്. കാർവാർ സ്റ്റേഷനിൽ 10.40ഓടെ ട്രെയിൻ എത്തിച്ചു. ഇവിടെ നിന്നും മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഏകദേശം ഒരു മണിക്കൂർ ദൂരമുണ്ട്. 11.40ഓടെ ബാറ്റിറി അപകട സ്ഥലത്തെത്തിച്ചു. ഉടൻതന്നെ അസംബിൾ ചെയ്‌ത് പ്രവർത്തനം തുടങ്ങുമെന്നാണ് ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച വിവരം.

ഡ്രോൺ സംവിധാനത്തിൽ സ്‌കാനർ ഘടിപ്പിച്ചാകും പരിശോധന. എട്ട് മീറ്റർ, 90 മീറ്റർ വരെ ആഴത്തിൽ പരിശോധന നടത്താവുന്ന രണ്ട് സ്‌കാനറുകൾ ഉപയോഗിച്ചാണ് സ്ഥലത്ത് പരിശോധന നടത്തുക. ഭൂമിക്കടിയിലുള്ള വസ്‌തുക്കളെ കൃത്യമായി കണ്ടെത്താൻ സാധിക്കുമെന്നതാണ് നേട്ടം. മനുഷ്യ ശരീരത്തിന്റെ സാന്നിദ്ധ്യം വേർതിരിച്ച് അറിയാൻ പറ്റുന്ന സാങ്കേതിക വിദ്യയാണിത്. രണ്ട് കിലോമീറ്റർ അധികം റേഞ്ചുള്ള ഡ്രോൺ സംവിധാനമാണ്. വിജയകരമായി പരിശോധനകൾ നടത്തിയ പരിചയവും റേഡിയോ ഫ്രീക്വൻസി സ്‌കാനറിനുണ്ട്.